കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

കോവിലന്റെ തട്ടകത്തിലൂടെ ഒരു യാത്ര !!കണ്ടാണശ്ശേരിയിലെ പുല്ലാനിക്കുന്നത്തു മുനിമടയ്ക്കടുത്തു വട്ടമ്പറമ്പില്‍ ശംഖു വേലപ്പന്റെയും കൊടയ്ക്കാട്ടില്‍ കുഞ്ഞാണ്ടി കാളിയുടെയും മകനായി 1923 ജൂലായ്‌  9 ന് ജനിച്ച വി.വി.അയ്യപ്പന്‍ എന്ന കോവിലന്‍ എനിക്ക്  നാട്ടുകാരനാകുന്നതിനു മുന്‍പേ ഇഷ്ടപ്പെട്ട എഴുത്തുകാരനായിരുന്നു.

ഞാന്‍ പ്രീ-ഡിഗ്രിക്ക്  പഠിക്കുമ്പോള്‍ വായിച്ച കോവിലന്റെ "ഭരതന്‍" എന്റെ ചിന്തകളെയും ഉഴുതുമറിച്ചു."ഭരതന്‍"വായിക്കുമ്പോഴാണ് കോവിലന്‍ എന്റെ നാട്ടുകാരനാണെന്ന യാഥാര്‍ത്ഥ്യം എന്റെ  മനസ്സില്‍ ദേശപ്പെരുമയായി  കുടികൊണ്ടത്.ഡിഗ്രിക്ക്  പഠിക്കുമ്പോള്‍ ഒരിക്കല്‍ കോഴിക്കോട് യൂണിവേഴ്സിറ്റി  യിലേക്കുള്ള  ബസ്സ് യാത്രക്കിടയില്‍  ചങ്ങരംകുളം ഭാഗത്തുകൂടെ  പോകുമ്പോള്‍ വായിച്ച "തോറ്റങ്ങളിലെ" 


"ആറാടിക്കടവില്‍ ചേനപ്പന്‍
ചേന്നപ്പന്‍ മകന്‍ ചേനന്‍
ചേനന്‍ മകന്‍ ചേന്നപ്പന്‍
ചേന്നപ്പന്‍ തോണികൊമ്പത്തിരുന്നു തോറ്റം പാടി" 


തെള്ളിത്തുളുമ്പുന്ന വെള്ളത്തിലൂടെ പോകുന്നത്  വായിച്ചപ്പോള്‍ കോവിലന്  എന്റെ തട്ടകത്തിന്റെ കാരണവരുടെ മൂര്‍ത്തീരൂപമായി.


കോവിലന്റെ  തട്ടകം മാതൃഭൂമി ആഴ്ച്ചപ്പതിപ്പിലൂടെ ഖണ്ഡശ്ശയായി പ്രസിദ്ധീകരിച്ചിരുന്ന കാലം.കൂനാമൂച്ചിക്കാരനായിരുന്ന ഞാന്‍  വലിയ  ആവേശത്തോടെയാണ് അത് വായിച്ചത്. കൊടക്കല്ലുകള്‍ക്കും  മുനിമടയ്ക്കും നടുവില്‍ പുല്ലാനിക്കുന്നത്തെ കോവിലന്റെ വീട്ടില്‍ ആ  കാലത്ത് ഞാന്‍ ഇടക്കെല്ലാം പോയിരുന്നു.ഞങ്ങളുടെ നാടായ  കൂനാമൂച്ചിയും കണ്ടാണശ്ശേരിയും പെരുവല്ലൂരും പാവറട്ടിയും ഞങ്ങളുടെ പറമ്പിനടുത്തുള്ള  മുണ്ടകപ്പാടവും നായാടിക്കുന്നും ഈ  നോവലില്‍ പുരാവൃത്തത്തിന്റെ  ഓര്‍മ്മകളായി തെള്ളി വരുന്നത്  കണ്ട് ഞാന്‍ മാത്രമല്ല ,ഞങ്ങളുടെ  നാട്ടുകാരും കൂടിയല്ല ,ആദിദ്രാവിഡ പ്പെരുമയുടെ നെടു വരമ്പിലൂടെ  തട്ടകത്തിലെ  കഥാപാത്രങ്ങള്‍ നടക്കുന്നത്  കണ്ട് വിസ്മയിച്ചത് മുഴുവന്‍ വായനക്കാരുമാണ്.


ഞങ്ങള്‍ കൂനാമൂച്ചിക്കാര്‍ നാട്ടുമ്പൊറത്ത് സംസാരിച്ചിരുന്ന പല ശൈലികളും "തട്ടകത്തില്‍"വീണ്ടും ഉയിരെടുത്തു ഞങ്ങളുടെ ദേശത്തെ കാലങ്ങള്‍ക്കപ്പുറത്തേക്ക് നിലനിര്‍ത്തുന്നത് ഞാന്‍ കണ്ടു."നട്ടപ്പാറ വെയില്","നെടുകങ്ങട്ടു പോക",ചെക്കനും പെണ്ണും കിണീം കിണീം"എന്നിങ്ങനെ ഞങ്ങളുടെ നാടിന്റെ വാക്കുകള്‍ കോവിലനു മുമ്പില്‍  തൊഴുതു വരികയായി.കൂനാമൂച്ചി  സെന്റ്‌:തോമാസ് യു.പി.സ്കൂളില്‍ പഠിച്ചിരുന്നപ്പോള്‍ അരികന്ന്യൂരിലെ ശ്രീകൃഷ്ണ കോളേജിന്റെ താഴ്വാരത്തിലുള്ള കുടക്കല്ലുകള്‍ പറിച്ചെടുക്കാന്‍ കൂട്ടുകാരുടെ കൂടെ കുത്തിമറിഞ്ഞ കാര്യങ്ങള്‍ തട്ടകത്തിന്റെ  വായനക്കിടയില്‍ രസകരമായ  ഓര്‍മ്മകളായി മനസ്സില്‍ വരും. 


തട്ടകത്തിന്റെ ആദ്യഭാഗം പത്താം  ക്ലാസ്സിലെ കുട്ടികള്‍ക്ക് പഠിക്കുവാനുള്ളതാണല്ലോ.
അതില്‍ ഉണ്ണീരിമുത്തപ്പന്‍ വാണിയംകുളം ചന്തയ്ക്കു കന്നിനെ  വാങ്ങിക്കുവാന്‍ പോകുന്ന പ്രമേയം ഞങ്ങളുടെ നാട്ടില്‍ നിന്നും അമ്മൂമക്കഥകളിലൂടെ കേട്ടവയാണ്.കണ്ടാണ ശ്ശെരിയില്‍  ഉണ്ണീരിമുത്തപ്പന്‍ ക്ഷേത്രവും ഉണ്ട്.കടമറ്റത്തു നിന്നും വിഷവൈദ്യം പഠിച്ച ഉണ്ണീരിമുത്തപ്പനും കൂട്ടുകാരനായ നായരും കഥാപാത്രങ്ങളായ ഈ  പുരാവൃത്തത്തിന്റെ ആഖ്യാനത്തോടെയാണ് തട്ടകം ആരംഭിക്കുന്നത്.ഉണ്ണീരിമുത്തപ്പന്‍  ഞങ്ങളുടെ നാടിന്റെ സ്വന്തം മിത്താണ്.മുത്തപ്പനെ പ്രതിഷ്ടിച്ച ക്ഷേത്രം കണ്ടാണശ്ശെരിയില്‍ വട്ടമ്പറമ്പില്‍ ഇപ്പോഴുമുണ്ട്.

പത്താം  ക്ലാസ്സിലെ  കുട്ടികള്‍ക്ക് വേണ്ടി "തട്ടകം" അവതരിപ്പിക്കണമെന്ന ആഗ്രഹത്തോടെ പുല്ലാനിക്കുന്നില്ലേക്ക്  ഉച്ചയ്ക്ക് 11 .30 ന്  നട്ടപ്പാറ വെയിലത്ത് തന്നെ ഞാന്‍ ചെന്നു.കോവിലന്റെ മകന്‍ പണിയുന്ന വീടിനു മുമ്പില്‍ കോവിലനോടൊപ്പം കഴിഞ്ഞ മാടാനി  അയ്യപനെ  ഞാന്‍ കണ്ടു.

അടുത്ത ജൂണ്‍ മാസം 2,3 ,4, 5 തിയതികളില്‍ കോവിലന്റെ ദേശത്തു നടത്തുന്ന അനുസ്മരണത്തിനായി
കോവിലന്റെ  മകന്‍ പണിയുന്ന  വീടിനു പടിഞ്ഞാറ്  ഭാഗത്ത്  നിര്‍മ്മിക്കുന്ന കുടീരം "റ" കണ്ടു.മാടാനി അയ്യപ്പന്‍ ചേട്ടന്‍ ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രത്തെക്കുറിച്ചു പറഞ്ഞു തന്നു."നെടുകങ്ങട്ടു പോക.അപ്പൊ നാലും കൂട്ട്യെ കവല കാണാം.അവടെ ചോദിച്യാല്‍ മതി"ഞാന്‍ നെടുകെ കണ്ടാണശ്ശേരി ഭാഗത്തേക്ക് പോയി.കവലയില്‍ ചോദിച്ചു.വട്ടമ്പറമ്പില്‍ ഉണ്ണീരി മുത്തപ്പന്റെ ക്ഷേത്രത്തിന്റെ ബോര്‍ഡു കണ്ടതിന്റെ തൊട്ടടുത്തു ഒരു ചെറിയ വീട്. അതിന്റെ ഉമ്മറത്ത് ഇരിക്കുന്ന ആളോട് ക്ഷേത്രത്തെക്കുറിച്ച് ചോദിച്ചു.ആ  പുള്ളി എന്നോട് ഇരിക്കാന്‍ പറഞ്ഞു.ഞങ്ങള്‍ പരിചയപ്പെട്ടു.

കോവിലന്‍ മരിച്ചപ്പോള്‍ സ്ഫുടം ചെയ്ത രാമചന്ദ്രേട്ടന്റെ അടുത്താണ് ഞാന്‍ ഇരിക്കുന്നത്.
കോവിലന്റെ  കുടുംബത്തിലെ അംഗമായ വട്ടമ്പറമ്പില്‍ രാമചന്ദ്രന്‍ ചേട്ടനാണ് ഈ അഭിമുഖം എനിക്ക് നല്‍കിയത്.ഈ  വിഡിയോയില്‍ ഉണ്ണീരി മുത്തപ്പന്‍ ചന്തയ്ക്കു പോയതിന്റെ കഥയും മുത്തപ്പന്‍ മരിച്ച സംഭവവും ആണ് പറയുന്നത്.ഉണ്ണീരിമുത്തപ്പന്റെ  ക്ഷേത്രവും കുടക്കല്ലിന്റെ ദൃശ്യവും ഇതിന്റെ കൂടെ കാണാം."തട്ടക"വുമായി ബന്ധപ്പെട്ട മറ്റു വൃത്താന്തങ്ങള്‍ വൈകാതെ നല്‍കുന്നതാണ്
ഫിലിപ്പ്

3 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം കാണിച്ചത് നന്നായി

achu പറഞ്ഞു...

teacher kalakki

പാര്‍ത്ഥന്‍ പറഞ്ഞു...

ഉണ്ണീരി മുത്തപ്പന്‍ ഭഗവതിയെ കുടിയിരുത്തിയ കാര്യം മാത്രമെ പറഞ്ഞുള്ളൂ. ഉണ്ണീരി മുത്തപ്പന്‍ സമാധിയായ കാര്യം കൂടി പറയണമായിരുന്നു. ഉണ്ണീരി മുത്തപ്പന്‍ ജീവിച്ചിരുന്ന കാലഘട്ടം അറിയുമോ?

സുസ്വാഗതം

ചിത്രദക്ഷിണതുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്