![]() | ![]() |
പി.വല്‍സലയുടെ "കാവല്‍" വായിച്ചപ്പോള്‍ മുതല്‍ കുട്ടികള്‍ക്ക് കഥയിലെ ജോഗിയുടെ മനോവേദന ബാധിച്ചതുപോലെയായിരുന്നു ക്ലാസിലെ പെരുമാറ്റങ്ങള്‍;അവരുടെ പ്രതികരണങ്ങള്‍.കുട്ടികളുടെ പെരുമാറ്റങ്ങള്‍ എന്ന് പറഞ്ഞപ്പോള്‍ നിങ്ങള്‍ക്ക് നെറ്റി ചുളിഞ്ഞില്ലേ? എന്തിനു?
പൊതുവേയുള്ള നമ്മുടെ ധാരണയില്‍ ചില അബദ്ധങ്ങള്‍ പിണഞ്ഞിട്ടുണ്ട്.കുട്ടികളുടെ പെരുമാറ്റങ്ങളില്‍ പലരും കളിതമാശകള്‍ മാത്രമേ കാണുന്നുള്ളൂ.കുട്ടികള്‍ ചെറിയവരല്ലേ? അവര്‍ക്ക് എന്തും തമാശകള്‍ ആണല്ലോ?ഇങ്ങനെ തന്നെയാണ് ഞാനും ധരിച്ചു വശായിരുന്നത്;അധ്യാപനത്തിന്റെ ആദ്യകാലങ്ങളില്‍.പക്ഷെ പിന്നീട് ക്ലാസ്സിലെ കുട്ടികള്‍ നമ്മുടെ സ്വന്തപ്പെട്ടവരായി മാറിയപ്പോള്‍ അവര്‍ വെറും കളിക്കുടുക്കകളല്ലെന്നു ബോധ്യമായി.
ചില സന്ദര്‍ഭങ്ങളില്‍ കുട്ടികള്‍ ഗൌരവമായ കാര്യങ്ങള്‍ ചെയ്യുന്നത് കാണുമ്പോള്‍ പലരും വിചാരിക്കുന്നത് ,കുട്ടികള്‍ക്ക് അനുഭവമില്ലല്ലോ? അതിനാല്‍ "അവറ്റ" ആവശ്യമില്ലാത്ത ഗൌരവം കാണിക്കും.അത് ബോധക്കുറവാണ്.കുട്ടികള്‍ സാധുക്കളാണ്.അവര്‍ വലുതാകുമ്പോള്‍ ഈ ആവശ്യമില്ലാത്ത ഗൌരവം മാറിക്കോളും.
ഒരുപക്ഷെ കുട്ടികളെക്കൊണ്ട് ക്ലാസ് മുറിക്കു പുറത്ത് പഠന പ്രവര്‍ത്തനങ്ങള്‍ ചെയ്യുവാന്‍ പലരെയും പ്രേരിപ്പിക്കാത്തത് മനസ്സില്‍ അടിഞ്ഞുകൂടിയ ഇത്തരം തെറ്റിദ്ധാരണകള്‍ ആയിരിക്കാം.
എന്തായാലും ഞാന്‍ വിഷയത്തിലേക്ക് കടക്കട്ടെ.പി.വത്സലയുടെ "കാവല്‍" ചെറുകഥ വായിച്ചപ്പോള്‍ കുട്ടികള്‍ ക്ലാസ്സില്‍ പറഞ്ഞത് അവര്‍ക്ക് വയനാട്ടില്‍ പോകണമെന്നായിരുന്നു.വയനാട്ടിലെ കൊല്ലിമൂലയിലെ ഒടപ്പന്തം കാണണം.ആനപ്പന്തലില്‍ ജോഗിയുടെ അപ്പനും തമ്പ്രാനും കിടന്നുറങ്ങുന്നത് കാണണം.വട്ടവിതയുടെ നിഴല്‍ കാണണം.രാത്രിയില്‍ തീക്കൂട്ടി കാട് കാണണം.
ജാസ്മിനും റിയും വിഷ്ണുവും സുനിലും ആഗ്രഹം അറിയിച്ചപ്പോള്‍ മണ്ണംപേട്ട മാതാ ഹൈസ്ക്കൂളിലെ മലയാളം അധ്യാപകര്‍ ഞെട്ടി.പക്ഷെ ആഗ്രഹിക്കുന്നത് നടപ്പിലാക്കുവാന്‍ സാഹചര്യം സമ്മതിക്കുന്നില്ല.
എങ്കില്‍ എന്തുണ്ട് മാര്‍ഗം? പലവഴിക്കും ആലോചിച്ചു.ഒടുവില്‍ സാഹിത്യ അക്കാദമിയുടെ മാഞ്ചുവട്ടില്‍ വട്ടവിതയുടെ നിഴല്‍ അന്നങ്ങുമെന്നു ഈ അധ്യാപകര്‍ മനസ്സിലാക്കി.ഒരുപക്ഷെ ആ മാഞ്ചുവട്ടില്‍ ആനത്താരും അതില്‍ ചൂടുള്ള ആനപ്പിണ്ടത്തിന്റെ ഗന്ധവും വരെ ശ്വസിക്കാംഎന്നു അവര്‍ അറിഞ്ഞു.അവര്‍ പി.വത്സലയുടെ ഫോണ്‍ നമ്പര്‍ കണ്ടെത്തി.ഫോണ്‍ വിളിച്ചു.പി വത്സല കാര്യമേറ്റു.
അങ്ങനെ തൃശൂരിലെ മണ്ണംപേട്ടയിലെ മാതാ ഹൈസ്കൂളിലെ കുട്ടികള്‍ക്ക് മുന്‍പില്‍ കൊല്ലിമൂലയിലെ ഓടപ്പന്തം കത്തി.
പി.വത്സല വാക്കുകളുടെ ലയതാളത്തില്‍ വരികളില്‍ അനുഭവിപ്പിച്ച വയനാട്ടിലെ ജോഗി പി.വത്സലയുടെ സംസാരത്തിലൂടെ ഒരിക്കല്‍ കൂടി കുട്ടികളുടെ മനസ്സില്‍ കാവല്‍പ്പുര കെട്ടി.
അന്ന് ഒരു നവംബര്‍ 10 വര്‍ഷം 2010 .തൃശൂരിലെ സാഹിത്യ അക്കാദമിയിലെ വൈല്ലോപ്പിള്ളി ഹാളില്‍ കുട്ടികള്‍ ജോഗിയുടെ പുരാവൃത്തം അറിഞ്ഞു.കാവലിന്റെ വേദന അറിഞ്ഞു.
ഈ വീഡിയോ സാക്ഷി!!!കുട്ടികള്‍ എഴുത്തുകാരെ എത്രമാത്രം ബഹുമാനിക്കുന്നു!!!എഴുത്തിനെ എത്രമാത്രം ഇഷ്ട്ടപ്പെടുന്നു!!വായന ഞങ്ങള്‍ക്ക് എത്ര പ്രിയകരം !!!
പി.വത്സലയുമായുള്ള അഭിമുഖം വൈകാതെ എഴുതുന്നു.
2 അഭിപ്രായങ്ങൾ:
മലയാളം ബഹുമാനിക്കുന്ന പ്രിയ എഴുത്തുകാരിയുമായുള്ള അഭിമുഖം ബൂലോകത്തിൽ പങ്കുവച്ചതിനു് റോയ്മോനോടുള്ള നന്ദി ഇവിടെ രേഖപ്പെടുത്തുന്നു.
മനു.
അഭിനന്ദനങ്ങള്‍...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ