കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

നളിനി ഇനിയും പഠിക്കട്ടെ!!!

അക്ഷരമുറ്റത്തേക്ക് സ്വാഗതം
"ലോലനാര്യനുരുവിട്ടു കേട്ടൊരാ
ബാലപാഠ മഖിലം മനോഹരം
കാലമായധികമിന്നോരക്ഷരം-
പോലുമായതില്‍ഞാന്‍ മറപ്പതില്ല"
കുമാരനാശാന്റെ മാനസപുത്രിയായ നളിനി സ്കൂളിലേക്ക് പോയിരുന്നത് കളിക്കൂട്ടുകാരനായദിവാകരന്റെ കൂടെയായിരുന്നു.സ്കൂളിലെ പാഠങ്ങള്‍ നളിനി നന്നായി പഠിച്ചത് ദിവാകരനില്‍നിന്നായിരുന്നു.ബാലയായ നളിനി അതെല്ലാം ഹൃദയത്തില്‍ സൂക്ഷിച്ചു.നളിനി ദിവാകരനെ വളരെഇഷ്ടപ്പെട്ടിരുന്നു.അതിനാല്‍ കാലം വളരെ കടന്നു പോയിട്ടം പണ്ട് പഠിച്ചവ ഒന്നുംമറന്നിട്ടില്ല. നളിനിയുടെ മനസ്സില്‍ പഠിച്ചവയെല്ലാം മറക്കാതെ ഉണ്ടാകണമെങ്കില്‍ ദിവാകരന്‍ എത്ര മധുരമായിട്ടായിരിക്കും പാഠങ്ങള്‍ പഠിപ്പിച്ചു കൊടുത്തത്?

ഇന്ന് സ്കൂള്‍ തുറക്കുന്ന ദിവസത്തില്‍ കുമാരനാശാന്റെ നളിനിയെക്കുറിച്ച് ചിന്തിക്കുവാന്‍ പ്രേരിപ്പിച്ചത് മലയാളം ബ്ലോഗിലേക്ക് വന്ന ഒരു കത്താണ്.അമേരിക്കയിലെ കാലിഫോര്‍ണിയയിലെ സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമറായ മിസ്ടര്‍ : നിക്കു ആണ് കത്തയച്ചത്.നിക്കുവിന്റെ കത്ത് ഇതാണ് :

ഞാന്‍ അമേരിക്കയില്‍ കാലിഫോര്‍ണിയയില്‍ സോഫ്റ്റ്‌ വെയര്‍ പ്രോഗ്രാമറാണ് .എന്റെ വീട് കോഴിക്കോട്ട് ജില്ലയില്‍ തീരദേശത്താണ്.കൃത്യം സ്ഥലം പറയുന്നില്ല.കാരണം അത് പറഞ്ഞാല്‍ ഞാന്‍ ഈ എഴുതിയത് എന്നെങ്കിലും എന്നെ പഠിപ്പിച്ച മാഷ്‌ അറിയും .അത് വേണ്ട.അത് എനിക്ക് ഗുണമാകില്ല.വല്യ കുഴപ്പങ്ങളല്ല ഞാന്‍ എഴുതുന്നത്‌.എന്നാലും വെറുതെ ഒരു മനുഷ്യനെ വിഷമിപ്പിക്കണോ?

ഞാന്‍ സ്കൂളിലേക്ക് പോയിരുന്നത് എന്നും ഒറ്റക്ക്യായിരുന്നു.പാടം കയറി പാലത്തിന്റെ അരികിലൂടെ കയറി ഉയരമുള്ള റോഡിലൂടെയാണ് ഞാന്‍ പോകാറുള്ളത്.ഞാനന്ന് രണ്ടാം ക്ലാസ്സില്‍ പഠിക്കുകയാണ്.ഇടക്ക് റെയില്‍പ്പാളത്തിന്റെ അരികിലുള്ള ഓടിട്ട വീട്ടിലെ ഒരു ചേച്ചി എന്റെ കൂടെ ആ ചേച്ചിയുടെ മോളെ കൊണ്ടുപോകണമെന്ന് പറഞ്ഞു.ഈ പറഞ്ഞത് എന്നാണെന്നോ അത് പറഞ്ഞത് എന്നോടാണെന്നോ എനിക്കിപ്പോ വലിയ ഓര്‍മ്മയില്ല.എന്തായാലും ഞാന്‍ ആ വീടിനരികില്‍ എത്തുമ്പോള്‍ അവളെയും കൂട്ടിയാണ് പോകാറ്.വിദ്യ എന്നാണു അവളുടെ പേര്.എന്റെ പിന്നില്‍ അവള്‍ ഉണ്ടാകും.എനിക്ക് ഇതൊരു നാണമായിരുന്നു.എന്റെ സ്കൂളിലെ കുട്ടികള്‍ കാണുമ്പോള്‍ എനിക്ക് നാണം വരും.ഇവള്‍ക്ക് മഞ്ഞപ്പല്ലുണ്ട്.അത് കാണാന്‍ നല്ല രസമായിരുന്നു.ചിലപ്പോഴൊക്കെ ഞാന്‍ അവളുടെ ബാഗ് എടുക്കുമായിരുന്നു.

സ്കൂളിലേക്ക് വരുമ്പോഴും സ്കൂളില്‍ നിന്നും പോകുമ്പോഴും ഞാന്‍ അവളെ കൂട്ടും.അവള് എന്റെ അപ്പുറത്തെ രണ്ടാം ക്ലാസ്സിലാണ്.

ഞങ്ങള്‍ക്ക് സ്കൂളിലുള്ള എല്ലാ കുട്ടികള്‍ക്കും പേടിസ്വപ്നം എന്ന് പറയുന്നത് കരടി മാഷായിരുന്നു.മാഷിനു ശരീരം മുഴുവന്‍ ചുരുണ്ട രോമമാണ്.മുണ്ടിട്ട് വരും.ക്ലാസ്സില്‍ കേറുന്നതിനു മുന്‍പ് ഞങ്ങള്‍ക്കറിയാം .കരടി വരുന്നുണ്ട്.തൊട്ടപ്പുറത്തെ ക്ലാസ്സ് പെട്ടന്ന് മിണ്ടാട്ടം മുട്ടും.ഒറ്റയടിക്ക് ബഹളം ഇല്ലാണ്ടാകും.ആ ക്ലാസ്സ് നിശബ്ദമായാല്‍ ഞങ്ങള്‍ക്കറിയാം.കരടി വരുന്നുണ്ട്.

ഈ മാഷിന്റെ പെരുമാറ്റം കൊണ്ട് ഞാനൊരു ദിവസം ആകെ കഷ്ടത്തിലായി.

കരടിമാഷു ക്ലാസ്സില്‍ വന്നാല്‍ കസേരയില്‍ ഇരിപ്പാകും.മലയാളം വാക്കുകള്‍ ഞങ്ങള്‍ ഓരോരുത്തരായി ബോര്‍ഡില്‍ എഴുതണം.എനിക്കാണെങ്കില്‍ എല്ലാ വാക്കുകളും അറിയില്ല.കൂട്ടക്ഷരം തീരെ ശരിയാകില്ല.ഞാനങ്ങനെ വളരെ പേടിച്ചാണ് ബോര്‍ഡില്‍ എഴുതുക.പാത്രം എന്ന വാക്ക് ആണെന്ന് തോന്നുന്നു ഞാന്‍ കുറെ നേരം എഴുതുവാന്‍ ശ്രമിച്ചു പരാജയപ്പെട്ടു അങ്ങനെ നില്‍ക്കുമ്പോള്‍ കരടി മാഷ്‌ ഒന്ന് തിരിഞ്ഞു നോക്കി.ദൈവമേ!!എനിക്ക് ആകെ ഒരു സഞ്ചാരം ഉണ്ടായി.ഞാന്‍ മൂത്രമൊഴിക്കും എന്നായി.മൂത്രത്തിന്റെ നനവ്‌ എനിക്ക് തോന്നണുണ്ട്.

കരടിമാഷ്‌ അടിക്കില്ല.പക്ഷെ ദേഷ്യം വന്നാല്‍ ഞങ്ങളിരിക്കുന്ന ബഞ്ചിന്റെ മുന്‍പിലെ ബഞ്ചില്‍ കാല്‍ കയറ്റി വക്കും.അതിനു മുന്‍പ് മുണ്ട് മടക്കിക്കുത്തും.എന്നിട്ട് മാഷിന്റെ തുടയില്‍ മാഷ്‌ കൈ കൊണ്ട് ഇങ്ങനെ തടവും.അപ്പൊ തന്നെ ഒരു മാതിരി പേടി വരും.എന്നിട്ട് ചെവി പിടിച്ചു ഒറ്റ നുള്ളല്‍.കഴിഞ്ഞു.സൂചി കുത്തിയ പോലെ ഒരു പെടച്ചില്‍.കുറെ നേരം വേദനിക്കും.പിന്നെ കതന പൊട്ടിച്ചപോലെ "ഇരിക്കടാ"എന്നു വലിയ വായില്‍ ഒരു വെടി .കഴിഞ്ഞു.അന്നത്തെ ദിവസം കഴിയും.

ഞാന്‍ ബോര്‍ഡിന്നടുത്തു നിന്ന് ബുദ്ധിമുട്ടിഎങ്ങനെയോ മാഷന്നു എന്നെ വെറുതെ വിട്ടു.ഞാന്‍ ബഞ്ചില്‍ ചെന്നിരുന്നു.കുറച്ചു കഴിഞ്ഞില്ല.ഞാനവിടെ മുള്ളി.ഇത് ക്ലാസ്സിലാകെ ബഹളമാക്കി.കുട്ടികള്‍ ടീച്ചറെ വിവരം അറിയിച്ചു.ടീച്ചര്‍ എന്നെ കൊണ്ട് വരാന്‍ പറഞ്ഞിട്ടുണ്ടാകും.എല്ലാ കുട്ടികളും കൂടി എന്നെ ആഘോഷമായി ടീച്ചറുടെ അടുത്തേക്ക്‌ കൊണ്ടുപോയി.പ്രതിയെ കണ്ട പോലെ എന്റെ ചുറ്റും കുട്ടികള്‍ ഓടിക്കൂടി.ഞാനന്ന് ഒരു മാതിരി വ്യസനിച്ചു തരിപ്പണമായി.

അന്ന് ഞാന്‍ വീട്ടിലേക്കു പോകുമ്പോള്‍ വിദ്യക്ക് ഭയങ്കര വിഷമമായിരുന്നു.അവള് എന്നെ കളിയാക്കുമെന്നായിരുന്നു എന്റെ പേടി.പക്ഷെ അവള്‍ എന്നോട് പറഞ്ഞു.നെനക്ക് ഞാന്‍ പറഞ്ഞു തരാം.നീ പേടിക്കണ്ട.

പിറ്റേ ദിവസം തൊട്ടു സ്കൂളിലേക്ക് പോകുമ്പോള്‍ വിദ്യ എന്നെ എഴുത്ത് പഠിപ്പിക്കും.കയറുണ്ടാക്കുന്ന തോട്ടിനരികിലുള്ള പാലത്തിണ്ടിന്മേല്‍ പുസ്തകം വച്ച് കുറച്ചു സമയം വിദ്യ എന്നെക്കൊണ്ട് എഴുതിക്കും.അത് കുറച്ചു കാലം ചെയ്തു.അതിനു ശേഷം പിന്നെ ഞാന്‍ ബോര്‍ഡിനടുത്ത് നിന്ന് വെഷമിച്ചിട്ടില്ല.

ഞാന്‍ ഈ ഈ മെയില്‍ ഞാന്‍ അയക്കുന്നത് നിങ്ങള്‍ സ്കൂളുകളിലെ മലയാളം അധ്യാപകരുടെ കൂട്ടായ്മയാണെന്ന് കണ്ടത് കൊണ്ടാണ്.ഞാന്‍ ഈ ബ്ലോഗ്‌ നോക്കാറുണ്ട്.പുതിയ രീതിയില്‍ ഞങ്ങള്‍ പഠിച്ചതില്‍ നിന്നും വളരെ മാറ്റങ്ങള്‍ കാണുന്നുണ്ട്.കുട്ടികള്‍ തന്നെ ധാരാളം എഴുതുന്നണ്ടല്ലേ?നല്ല കാര്യം.നിങ്ങള്‍ മുന്‍പ് ലോകകപ്പിന്റെ സമയത്ത് കൊടുത്ത "അഭിജ്ഞാന ശാകുന്തളം -വക്ക വക്ക രീതില്‍ വായിച്ച് എനിക്ക് സന്തോഷായി.സാധാരണ സ്കൂളില്‍ ഇറങ്ങുന്ന മാഗസിനുകളില്‍ മാത്രമേ ഇതൊക്കെ ചിലപ്പോ കാണൂ.അതെഴുതിയ ശ്രീഹരി ഒരു ചുണ്ടനെലി പോലെ ഫോട്ടോയില്‍ ഇരിക്കുന്നത് കാണുമ്പോള്‍ ചിരി വരും.

എന്തായാലും ഞങ്ങള്‍ കാണാതെ പഠിച്ച രീതി പോയി എന്ന് അറിയുന്നതില്‍ സന്തോഷമുണ്ട്.നിങ്ങളുടെ ബ്ലോഗിന് എല്ലാ ആശംസകളും നേരുന്നു.
ഇതാണ് മിസ്ടര്‍: നിക്കു അയച്ച കത്ത്.

ഇതില്‍ നിക്കുവിനെ പഠിപ്പിച്ച വിദ്യക്കുട്ടിയെക്കുറിച്ച് വായിച്ചപ്പോള്‍ എന്റെ മനസ്സില്‍ വന്നത് കുമാര നാശാന്റെ നളിനിയാണ്.സ്കൂള്‍ തുറക്കുന്ന ദിവസം നളിനിയെ ദിവാകരന്‍ പഠിപ്പിച്ചത് ഓര്‍മ്മിക്കുന്നത് നല്ലതായിരിക്കുമെന്ന് തോന്നി.

നളിനി ഒരു പ്രത്യേക കുട്ടിയാണ്.ദിവാകരന്‍ പോയതോടുകൂടി സ്കൂള്‍ പഠനം എന്നന്നേക്കുമായി ഉപേക്ഷിച്ചവളാണ് എന്ന വസ്തുത നാം ഓര്‍ക്കാറില്ല..നളിനീ കാവ്യത്തില്‍ ആസ്തിക്യവും രതിയും അംഗിയായായി രസമായി വരുന്നതിനാല്‍ ഇത് ആരും ശ്രദ്ധിക്കില്ല.

ദിവാകരന്‍ പറഞ്ഞു കൊടുത്ത കാര്യങ്ങള്‍ ഒന്നും മറന്നു പോകാതെ കാലങ്ങള്‍ക്ക് ശേഷവും അവള്‍ ഓര്‍മ്മിക്കുന്നുണ്ട് എന്നറിയുമ്പോള്‍ അവിടെ ദിവാകരന്‍ പറയുന്നതിന്റെ രസം ചിന്തിക്കേണ്ടതാണ്.

ദിവാകരന്‍ വളരെ മധുരമായി സംസാരിച്ചു.ദിവാകരന്‍ വളരെ സ്നേഹപൂര്‍വ്വമാണ് പറയുന്നത്.വ്യക്തിപരമായിട്ടാണ് ദിവാകരന്‍ നളിനിയെ പഠിപ്പിച്ചത്.

ഇന്നത്തെ ക്ലാസ്സ് മുറിയില്‍ സമീപനങ്ങള്‍ മാറിയാലും, പ്രശ്നം കണ്ടെത്തുന്നതിനു പകരം പ്രമേയങ്ങള്‍ അവതരിപ്പിച്ചാലും അധ്യാപനത്തില്‍ ഒരു "ദിവാകരന്‍ /വിദ്യ" സ്പര്‍ശം ആവശ്യമാണെന്ന് തോന്നുന്നില്ലേ? കുട്ടികള്‍ പരസ്പരം പറയുമ്പോള്‍ അവര്‍ക്കത്‌ കൂടുതല്‍ മനസ്സിലാകുന്നു.അധ്യാപകര്‍ കുട്ടികളിലേക്ക് ഇറങ്ങി വരുമ്പോള്‍ അവര്‍ക്കിടയില്‍ പിന്നെ ആശയ വിനിമയ ബാധകള്‍ ഉണ്ടാകില്ല.ക്ലാസിലിരിക്കുന്ന ഓരോ കുട്ടിക്കും തന്നോട് അധ്യാപകര്‍ വ്യക്തിപരമായി പറയുന്നു എന്ന് തോന്നുക...കുട്ടികള്‍ക്ക് ഇഷ്ടം ഉണ്ടാകും വിധത്തില്‍ പറയുക........

സമീപങ്ങള്‍ മാറിയാലും രീതികള്‍ മാറിയാലും സഫലമായ അധ്യയനം ശിശു കേന്ദ്രിതമാകുന്നത് ഇങ്ങനെയല്ലേ?അമേരിക്കയിലെ നിക്കുവും കുമാരനാശാന്റെ നളിനിയും സ്കൂള്‍ പഠനം നിര്‍ത്താതിരിക്കട്ടെ.

ഇത് ഓരോ അധ്യാപകരുടെയും പ്രാര്‍ഥനയായി മലയാളം ബ്ലോഗ്‌ സമര്‍പ്പിക്കുന്നു.
എല്ലാ കൂട്ടുകാര്‍ക്കും നല്ല സ്കൂള്‍ ദിനങ്ങള്‍ നേരുന്നു.

ഫിലിപ്പ്

6 അഭിപ്രായങ്ങൾ:

nishi teacher പറഞ്ഞു...

ചിന്തിക്കേണ്ട വിഷം തന്നെ

nishi teacher പറഞ്ഞു...

ചിന്തിക്കേണ്ട വിഷയം തന്നെ

അഭിനവ് പറഞ്ഞു...

നന്നായിരിക്കുന്നു.

kidukkan പറഞ്ഞു...

very good

nellimaram പറഞ്ഞു...

നളിനി സ്കൂളില്‍ പോകുന്നത് നിര്‍ത്തിയതാണെന്നതു ചര്‍ച്ച ചെയ്യേണ്ടതാണ്.

kidukkan പറഞ്ഞു...

naliniya saksharatha klassil cherkkanam

സുസ്വാഗതം

ചിത്രദക്ഷിണതുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്