നേരിയ ഒരു നനുത്ത കാറ്റ് എന്റെ ഓര്‍മ്മകളില്‍ ചിറകിട്ടടിച്ചു.
എവിടെയോ എന്തൊക്കെയോ സംഭവിക്കുന്നുണ്ട്. എന്റെ മനസ്സില്‍ നൂണ്ടുകിടക്കുന്ന എന്തോ കുറിച്ചെടുത്തു കൊണ്ട് ഞാന്‍ പറഞ്ഞു. തോരാമഴ ഇടിമിന്നലിന്റെ കടുപ്പത്തില്‍ കോരിത്തരിച്ചു. തൃശ്ശൂര്‍ പൂരത്തിന്റെ വെടിക്കെട്ടു പോലെ വിറപ്പിക്കുന്ന ഇടിവെട്ട്. ഞാന്‍ കിടന്നു. കറണ്ടു പോയതറിഞ്ഞില്ല. ഉറക്കം വല്ലാതെ തളര്‍ത്തിയിരുന്നു. കണ്ണില്‍ ഇരുട്ട് കുത്തിയിരിക്കുന്നു. അവിടെ എവിടെയോ എന്റെ പുതപ്പ് ഞാന്‍ തപ്പിയെടുത്ത് അതില്‍ ചുരുണ്ടു കൂടി. എവിടെയോ എന്തോ വെളിച്ചം!. കണ്ണൊന്ന് ചിമ്മി തിരുമ്പി. റാന്തല്‍ വെളിച്ചം കോലായിലേക്ക് നീട്ടി അവിടെ ഇരിപ്പുറപ്പിച്ചു.
ഒരു സിംഹഗര്‍ജ്ജനം പോലെ അമ്പരപ്പിക്കുന്ന ആ രാത്രി മഴയില്‍ ആരുടെയൊക്കെയോ നീണ്ട കരച്ചില് എനിക്ക് കേള്‍ക്കാമായിരുന്നു. മാനത്തു നിന്നും പൊട്ടിയൊലിക്കുന്ന നീര്ച്ചാല് കയ്യിലെടുത്ത് മുഖത്തൊഴിച്ചു.
ഇന്നെന്താ മഴക്കൊരു ചെറിയ ചൂട്?
മഴയ്ക്കും പനിയോ? എന്നു ചിന്തിച്ചു ഞാന്‍ മുകളിലേക്ക് നോക്കി. അപ്പോഴതാ വല്ല്യത്താത്ത മുകളില്‍ നിന്നും ചൂടുവെള്ളം താഴോട്ട് ഒഴിച്ചു കളയുന്നു. ക്രോധം കൊണ്ട് എന്റെ കറുത്ത മുഖവും ചോന്നു.കലിതുള്ളി ഞാന്‍ അകത്തോട്ടു പോയി. മുഖം അതിനേക്കാള്‍ ചുവന്നിട്ടു തന്നെയായിരുന്നു പുറത്തോട്ടു വന്നതും. ഒന്നും അറിഞ്ഞിട്ടില്ല. അവിടെ കയ്യും കുത്തി ഇരുന്നു. രാവിലെ തുടങ്ങിയതാണ് ഈ ഒടുക്കത്തെ മഴ. അങ്ങകലെ പാടത്തു നിന്നുമുള്ള മീനുകളുടെ കിന്നാരം പറച്ചില് ഇങ്ങടുത്ത് കേള്‍ക്കാമെന്നായി. മാനത്തു നിന്നും പൊട്ടിച്ചിതറുന്ന ആ സ്ഫടികക്കഷ്ണങ്ങള്‍ വന്നു വീണ് മുറ്റമാകെ ചോരയില്‍ കുളിച്ചിരിക്കുന്നു. വെള്ളം എപ്പോള്‍ വേണമെങ്കിലും വാതില്ക്കല് വന്നു മുട്ടാം.ഞാന്‍ അതിനെ പഴിച്ചു കൊണ്ട് അതിനിട്ട് രണ്ട് ചവിട്ട്. ഉമ്മയതാ ചൂരലും പിടിച്ച് പുറകെ. വെള്ളത്തില്‍ കളിക്കരുതെന്ന് പറഞ്ഞിട്ടില്ലേ? കേറി പോകിനെടീ അകത്തേക്ക്.ഞാനതാ വെള്ളത്തില്‍ ഓടുന്ന പരല്‍മീനിനെപ്പോലെ അകത്തേക്ക് വീണ്ടും ഉറങ്ങാന്‍ ശ്രമിച്ചെങ്കിലും ഉറങ്ങാന്‍ കഴിഞ്ഞില്ല. എങ്ങിനെ ഉറങ്ങും? സ്ഫടിക്കഷ്ണങ്ങള് മണ്ണിനെ മാത്രമല്ല ഓടിനേയും തകര്‍ക്കുന്ന സ്ഥിതിയിലാണ്. അതിന്റെ ശബ്ദം ഒരു ശൂലം പോലെ ചെവിയില്‍ തുളഞ്ഞുകയറി.
ഞാന്‍ പതിയെ മൊബൈലും എടുത്ത് അതില്‍ ഹെഡ്സെറ്റും വച്ചങ്ങനെ കിടന്നു. എന്തു സുഖം!! എല്ലാം അടങ്ങിയിരിക്കുന്നു. ചെവിയില്‍ പാട്ടിന്റെ ചെറിയൊരു മൂളല്‍ മാത്രം. സുഖനിദ്ര. പിന്നൊന്നും അറിഞ്ഞില്ല.
കിഴക്കു സൂര്യന് തലപൊക്കി. എന്നാല്‍ ഞാന്‍ ? സമയമായിട്ടില്ല. സാധാരണ പത്തുമണിക്ക്യാ , എന്നാല്‍ ഇന്നെന്താ അത് എട്ടുമണിക്കായി? സാധാരണയായി ഉമ്മയുടെ മധുരമായ രാഗമാണ് കേള്‍ക്കാറുള്ളത്. എന്നാല്‍ ഇന്ന് അറു ബോറായൊരു രാഗമാണ് ഞാന്‍ ശ്രവിച്ചത്. അതു വേറൊന്നുമല്ല. "എന്റെ ഖല്‍ബിലെ വെണ്ണിലാവു നീ നല്ല പാട്ടുകാരാ..." എന്ന പാട്ടു തന്നെ.ഞാന്‍ ചുറ്റും നോക്കി ; ഒരു മൂങ്ങയെപ്പോലെ. കറണ്ടില്ലല്ലോ ടി .വി വയ്ക്കാന്‍. പിന്നെവിടുന്നാ ഈ പാട്ട്? നേരെ കണ്ണു പതിഞ്ഞതോ മൊബൈലില്‍. അള്ളാ എന്നും വിളിച്ച് നേരെ ഓടി ഐശുമ്മായുടെ വീട്ടിലേക്ക്. അവിടെ കറണ്ടുണ്ടായിരുന്നു. വേഗം ചെന്ന് മൊബൈല്‍ കുത്തിവച്ചു. ഞന്‍ ചിന്തിച്ചു.ഉമ്മാടെ കണ്ണിലെങ്ങാന്‍ പെട്ടാല്‍ ചക്കര തല്ലിയ കുടം പോലെയായിരിക്കും എന്റെ മുഖം.
ഐശുമ്മായുടെ വീട്ടില്‍ നിന്നും തിരിച്ചപ്പോള്‍ നിറയെ പുളിയുണ്ടായിരുന്നു. അപ്പൊഴേ ഓര്‍ത്തേ പല്ലുതേച്ചിട്ടില്ലല്ലോ എന്ന്. നേരേ ഓടി കുളിമുറിയിലേക്ക്. പതിവു പരിപാടികളെല്ലാം പിന്നെ പെട്ടെന്നായിരുന്നു. എല്ലാം കഴിഞ്ഞ് മേശയ്ക്കരികിലെത്തിയപ്പോള്‍ ഭക്ഷണവിഭവങ്ങള്‍ എന്നെയും കാത്തിരിപ്പുണ്ടായിരുന്നു. തട്ടുതുടങ്ങി. മേശമേല്‍ ഞാന്‍ കാലും കയറ്റിവച്ചിരുന്നു. അവസാനം ഏമ്പക്കവും വിട്ട് കൈകഴുകാന്‍ മേശമേല്‍ നിന്ന് ചാടി ഇറങ്ങിയതാണ് പ്രശ്നമായത്. ദാ കിടക്കുന്നു താഴെ! ശബ്ദം കേട്ടപാടേ ഉമ്മ എവിടെ നിന്നോ ചൂലും കെട്ടുമായി പാഞ്ഞെത്തി.പോ പൂച്ചേ , നശുലങ്ങള് ,എല്ലാം തിന്ന് മുടിപ്പിട്ടൊണ്ടാവും , തെല്ലു ജാള്യതയോടെ ഞാന്‍ പറഞ്ഞു : "പൂച്ചേനെ ബ്തെ കണ്ട ഉമ്മച്ച്യേ , ഞാനൊന്നു വീണതാ.
ടീ ! ഹമ്ക്കേ നീയ്യ് വീണ് കയ്യും കാലും ഒടിഞ്ഞേച്ച് കെടന്നാ ആസ്പത്രീ കൊണ്ടോവാന്‍ മീന്‍ കൂവണോടത്ത്ന്ന് ഇന്റെ ബാപ്പ വരുമോടീ. " ഞാനൊന്നു ചുറ്റും നോക്കി. അല്ലേല്ലും ഈ ഉമ്മാട് എന്തു പറഞ്ഞാലും ഇങ്ങനാ. ഞാനൊന്ന് മുരണ്ടു. ഉമ്മയൊന്നു കയ്യോങ്ങി. ഭാഗ്യത്തിന് അധികമൊന്നും കിട്ടിയില്ല.
ഹൊ! എന്തൊരു തണുപ്പ്! ഈ മഴയ്ക്കൊരു അവസാനവുമില്ലേ. നിറഞ്ഞ താമരക്കുളം നോക്കി വെള്ളമിറക്കുന്ന മാക്രിയെപ്പോലെ തിണ്ണയില്‍ താടിക്കു കയ്യും കൊടുത്ത് ഇരിക്കുമ്പോഴാണ് ഐശുമ്മാന്റെ കാതടപ്പിക്കുന്ന ആ ഓളി കേട്ടത്. " ഇയ്യെന്താലോചനയിലാണെടീ ? ഇക്കണക്കിന് ചിന്തിച്ചാപ്പിന്നെ ഇന്റെ പൊര കത്തിയാലും ജ്ജ് അറിയില്ലല്ലോ. ദാ അന്റെ മൊബൈല്‍. ബാറ്ററി ഒക്കെ നനഞ്ഞ് ഫുള്ളായിരിക്കണ്. ദാ ഇന്നാടീ ഈ പൊതി പിടിച്ചോ. കൊറച്ച് നിന്റെ വല്ല്യത്താത്തയ്ക്കും കൊടുത്തോടീ.ഇച്ചിരി മിഠായികളാ.നിസാര്‍ വന്നെടീ മോന് കുവൈറ്റീന്ന് കൊണ്ടുവന്നതാ. " മോന് വന്നിട്ട് എനിക്ക് ഇതു മാത്രം ഉള്ളൂ ഐശുമ്മാ " ഞാന്‍ ചോദിച്ചു. " അയ്ന് അബടെ ശബളം കൊറവാട്യേ , ഓന് വിസിറ്റിംങ്ങ് വിസക്ക് പോയതാ. ഇനി പോയി വരുമ്പോ നിനക്കൊരു കൊലുസ്സ് മേടിച്ചു തരാം. എന്താ പോരേ "
ഇതുകേട്ട് ശങ്കരേട്ടന് പറഞ്ഞു. " എന്തിനാ വെറുതെ കുവൈറ്റിലും കാസര്‍ഗോട്ടേക്കും പോണേ. .. വെറുതെ മോളീക്കും താഴേക്കും നോക്കണ എനിക്കു കിട്ടുണണ്ടല്ലോ പത്തഞ്ഞൂറ് രൂപാ" "എങ്ങന്യാ ശങ്കരേട്ടന് മോളീക്കും താഴോട്ടും നോയ്ക്ക്യാ കാശു കിട്ടണെ." ഞാന്‍ അതു ചോദിച്ചതും നേരെ വന്നു മറുപടി " തെങ്ങുമ്മേ കേറുമ്പോ കണ്ണ് മോളീക്കും തേങ്ങ വെട്ടി താഴെയിടുമ്പോള്‍ താഴേക്കും അല്ലേ കൂട്ട്യേ" അപ്പോ കാശു കീശേ കെടക്കും. , എങ്ങനേ? " " ഓ , ഈ ശങ്കരേട്ടന് ആളൊരു പുലി തന്നെ. " ഞാനൊന്നു പൊക്കികൊടുത്തു. ആള് പറന്ന് കള്ളുഷാപ്പിലെത്താന് അധിക സമയം വേണ്ടി വന്നില്ല.
ഐശുമ്മ കൊണ്ടുവന്ന ഒരു മിഠായി ഞാന്‍ വായിലിട്ടു നുണഞ്ഞു. അപ്പോഴതാ അടുത്ത വീട്ടിലെ ജാനു ഉമ്മയോടെന്തോ അടക്കം പറയുന്നു. ഞാനവിടേക്ക് ചെവി കൂര്‍പ്പിച്ചു. " ഷെമീ , നമ്മുടെ ഐശുമ്മായുടെ മോനില്ലേ നിസ്സാറ് , അവനെ പോലീസ് പിടിച്ചൂന്ന്. അവനേ കുവൈറ്റിലേക്ക്ല്ല പോയതെടീ , കണ്ണൂര്‍ മയക്കുമരുന്ന് വില്പ്പന്യാര്ന്ന് അവന്റെ ജോലി. ഇപ്പോ നമ്മടെ നാട്ടിലും തുടങ്ങി വന്നതാ.ആരോ ഒറ്റിക്കൊടുത്തു.. പോലീസ്ക്കാര് വെറുതെ വിടുമോ? എല്ലും പൊടീം ബാക്കി വച്ചില്ലന്നാ പറേണെ."
"ന്റെ റബ്ബേ " ഉമ്മ തലക്കു കയ്യും കൊടുത്ത് ഒറ്റ ഇരിപ്പാ. " ഐശുമ്മാക്ക് ആകെ ഉള്ള ഒരു ആണ്തരിയല്ലേ , താഴേക്ക് അതും നാലു പെണ്ണ്ങ്ങളാ. എന്തൊക്കെ കിനാവാര്ന്ന് എല്ലാം ഓന് തുലച്ചില്ലേ "
ഞാന്‍ ചെവി പൊത്തിപ്പിടിച്ചു.കോരിച്ചൊരിയുന്ന പേമാരി പോലും തരിച്ചു പോയോ? ആര്‍ക്കോ വേണ്ടി എന്റെ കണ്ണുകള്‍ വിതുമ്പി.പെട്ടന്നാണ് ഞാന്‍ ഓര്‍ത്തത്. ഐശുമ്മ തന്ന ആ മിഠായികള്‍ ഞാന്‍ വേഗം തുപ്പി.അതെന്നെ താഴെ ചരിഞ്ഞു കിടന്ന് പൈശാചികമായി ഒന്നു നോക്കി. ഞാനതിനെ കുഴിച്ചു മൂടി. അപ്പോള്‍ അങ്ങ് പുളിമരത്തിനു അപ്പുറമുള്ള ആ കുടിലിനെ ലക്ഷ്യമാക്കി പോലീസ് ജീപ്പ് പായുന്നുണ്ടായിരുന്നു. അപ്പോഴെല്ലാം എനിക്ക് അങ്ങ് പടിഞ്ഞാറു നിന്നും കേള്‍ക്കാമായിരുന്നു..ഐശുമ്മാടേയും പെങ്ങള് കുട്ട്യോള്ടേയും ആ ദീനരോദനങ്ങള്‍....
കഥ പ്രിന്റെടുക്കാം
കഥ പ്രിന്റെടുക്കാം
ഫാത്തിമ അസ്ന .ആര് . എ
പത്ത് .എ
ഗവണ്മെന്റ് നളന്ദ .എച്ച് .എസ്സ്. സ്ക്കൂള് ,
കിഴുപ്പിള്ളിക്കര , തൃശ്ശൂര്‍
പത്ത് .എ
ഗവണ്മെന്റ് നളന്ദ .എച്ച് .എസ്സ്. സ്ക്കൂള് ,
കിഴുപ്പിള്ളിക്കര , തൃശ്ശൂര്‍
4 അഭിപ്രായങ്ങൾ:
ഈ പെരുമഴയില്‍ ഈ കഥാകാരിക്ക് അഭിനന്ദനങ്ങള്‍....
പോലീസ് വണ്ടി പലയിടത്തും വരും നമ്മുടെ ഉമ്മമാരുടെ ഹൃദയം ഇനിയും തകരും....റബ്ബേ....
ENTE IEE STORY KKU ABHINANDANAM NALKIYA ELLAVARKUM NANDI.
SUPER STORY
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ