ആമ്പല്‍പ്പൂവില്‍ പാദമൂന്നിനിന്നു കന്നി നിലാവ്
പി.കുഞ്ഞിരാമന് നായര്‍
ധനം.എന്‍.പി
വൈലോപ്പിള്ളി സ്മാരകസമിതി ഹൈസ്കൂള്‍ അധ്യാപകര്‍ക്കായി കവി/കവിതാ പരിചയ/വിശകലന ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നു.അതില്‍ പങ്കെടുത്തതിന്റെ പശ്ചാത്തലത്തില്‍ പി.കുഞ്ഞിരാമന്‍നായരെക്കുറിച്ചുള്ള പി.പി.രാമചന്ദ്രന്റെ ക്ലാസ്സിനെ ഒന്നു പുനരവതരണം ചെയ്യാനുള്ള ശ്രമമാണ്.പിയെ കുറിച്ച് പി.പി. പറഞ്ഞ കാര്യങ്ങളെ ഒരു ക്ലാസ്സായി വിലയിരുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.അതൊരു യാത്രയായി കാണാം.കവിയും അധ്യാപകനുമായ പി.പിയിലൂടെ മറ്റൊരു കവിയും അധ്യാപകനുമായ പിയിലേക്ക് തിരിച്ചൊരു നടത്തം.പൂക്കളാലും പടര്‍പ്പുകളാലും നിറഞ്ഞ ഒരു ഉള്‍നാടന്‍ വഴി. പൂക്കള്‍ സൗന്ദര്യവും സൗരഭ്യവും ഒന്നിച്ചേകിയപ്പോള് പടര്പ്പുകളുടെ ദുര്‍ഗ്രാഹ്യത ചിന്തിപ്പിച്ചു. ഭ്രമകല്പനകളാല്‍ പ്രകൃതിയെ ആവേശിച്ച പി എന്ന കോമാരത്തെ തിരിച്ചറിയാനാണ് ഈ യാത്ര സഹായിച്ചത്.
മുടിയില്‍ ഗംഗയും മടിയില്‍ പാര്‍വ്വതിയും ഇരിക്കുന്ന പരമദയനീയനായ ശിവനെപ്പോലെയാണത്രേ ഒരേ സമയം കവിയും അധ്യാപകനുമായിരിക്കുക. പി.കുഞ്ഞിരാമന്‍നായര്‍ എന്ന കവിക്ക് മുന്‍മാതൃകകളോ,പിന്ഗാമികളോ ഇല്ല. school of poetry ഇല്ല എന്നു ചുരുക്കം.പി.യെക്കുറിച്ച് പറഞ്ഞപ്പോള്‍ പി.പി സൂചിപ്പിച്ചത് പൂതപ്പാട്ടിലെ ഉണ്ണിയെ പ്രകൃതിയോടടുപ്പിച്ച പൂതത്തെപ്പോലെയാണ് പി.എന്നത്രേ."എഴുത്താണിയും ഓലയും ദൂരെയെറിഞ്ഞ് പൂമരച്ചോട്ടിലിരുന്ന് പൂമാല കോര്‍ക്കാം എന്നുണ്ണിയോട് പറഞ്ഞ പൂതം".പൂതം ഇവിടെ ഭൂതകാലമോ,പഞ്ചഭൂതമോ ആകാം.ഇവിടെ പിയ്ക്ക് പഞ്ചഭൂതങ്ങളടങ്ങിയ പ്രകൃതി അംബയായിരുന്നു.
കവികളെ പൊതുവെ സാമാന്യപ്രതിഭകളായും വിശേഷ പ്രതിഭകളായും തിരിക്കാമെന്ന് പി.പി. ഇവിടെയാണ് പിയെ എങ്ങനെ,എവിടെ അടയാളപ്പെടുത്താമെന്ന് അമ്പരന്നിരുന്ന ഞങ്ങളെ പി.പി. അതിശയിപ്പിച്ചത്. കാരണം,സാമാന്യ പ്രതിഭാശാലികള്‍ തങ്ങള്‍ ജീവിക്കുന്ന കാലത്തിന്റെ എല്ലാ അവസ്ഥകളെയും സൂക്ഷ്മമായി ഉള്‍ക്കൊള്ളുകയും സംവദിക്കുകയും ചെയ്യുന്നു. കാലത്തിനോടൊപ്പം സഞ്ചരിക്കുന്ന കാലദാസന്മാര്.നമ്മള് ആവശ്യപ്പെടുന്ന തരം social responsibility യുള്ള സാമാന്യ കവിത്വം.ഇതിനെ കുറച്ചുകാണുകയല്ല കാലത്തിനാവശ്യം,ഇത്തരം കവികളും കവിതകളും തന്നെയാണ് മാറ്റത്തിന്റെ പ്രകമ്പനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നവ.
വിശേഷപ്രതിഭകളാവട്ടെ,കാലത്തിന്റെ വിശകലനാത്മകത-സംവേദനതലങ്ങള്ക്കപ്പുറത്ത് സ്വകീയമായ ചില വെളിപാടുകളാല്‍ നിറഞ്ഞവരാകുന്നു-അവരുടെ കവിതകളും. അങ്ങനെ പ്രകൃത്യംബയുമായി ഇഴുകിച്ചേര്‍ന്ന് ആത്മദര്‍ശനമായ,വെളിപാടുകള്‍ വിളിച്ചു പറഞ്ഞ ഒരു കോമരത്തെ - ദൈവപ്രതിനിധിപോലെ - പ്പോലെ പി.യുടെ കവിതകളെ വായിക്കാം.
സാമാന്യപ്രതിഭാശാലികളുടെ ശില്പങ്ങള് സമഗ്രവും വസ്തുനിഷ്ഠവും വ്യാഖ്യാനാത്മകവുമാണ്.ഒരു സാധാരണ തളപ്പ് - മാനദണ്ഡം ഉപയോഗിച്ച് അളക്കുകയോ,കയറുകയോ ആവാം.എന്നാല്‍ വിശേഷ പ്രതിഭകളുടേതാകുമ്പോള്‍ ശിഥിലവും നിഗൂഢവും പൊരുത്തക്കേടുകള്‍ നിറഞ്ഞതും വ്യാഖ്യാനത്തിന് നിരവധി പ്രതിസന്ധികള്‍ നേരിടുന്നതുമാണ്.അതായത് സാധാരണ മാനദണ്ഡം ഉപയോഗിച്ച് ഇക്കൂട്ടരെ അളക്കാനോ,കയറനോ ആവില്ലെന്ന് പി.പി. പി.പിയുടെ സ്വന്തം ശൈലിയില്‍ പറഞ്ഞാല്‍ പിയ്ക്ക് തളപ്പ് വേറെ വേണം.
പി ജീവിച്ചിരുന്ന കാലം,ആഗോളതലത്തിലും ആഭ്യന്തര തലത്തിലും അനേകമനേകം മാറ്റങ്ങളുടെ കാലമായിരുന്നു. എന്നാല്‍ പിയെ അതൊന്നും ബാധിച്ചതേയില്ല.ലോകമഹായുദ്ധം, സ്വാതന്ത്ര്യ സമരം -ലബ്ധി, ഐക്യകേരള രൂപീകരണം എന്നിങ്ങനെ ഒരു മലയാളിയെ അകവും പുറവും ഒരു പോലെ ബാധിക്കുന്ന കാര്യങ്ങള്‍.അതിനൊക്കെ പുറം തിരിഞ്ഞുനിന്ന്, പിണങ്ങിയ കുട്ടിയെപ്പോലെ സഹ്യാദ്രിയെയും,മലനാടിന്റെ പച്ചപ്പിനെയും ഒറ്റയ്ക്കലഞ്ഞ്,അറിഞ്ഞും അനുഭവിച്ചും തീര്‍ത്ത കവി (അലഞ്ഞു തിരിയുന്ന കവിത - റഫീക്ക് അഹമ്മദ് പിയെ കുറിച്ച് )വ്യക്തി ജീവിതത്തിലെ വ്യഥകളോ,പരിഭവങ്ങളോ ,പ്രതിസന്ധികളോ പോലും വിഷയമാക്കാന്‍ ശ്രമിച്ചിട്ടില്ല.ഉണ്ടെങ്കില്‍ ത്തന്നെ അംഗുലീപരിചിതം
സൗന്ദര്യ പൂജ എന്ന കവിതയില്‍ മലയാള ഋതുപരിണാമങ്ങളെ മാനുഷികാവസ്ഥയില്‍ കണ്ട്,മനുഷ്യത്വം,ദേവത്വം,മാതൃത്വം എന്നിങ്ങനെയൊരു യാത്ര. ശ്ലഥബിംബങ്ങളും അപൂര്‍ണ്ണതയും കാണാവുന്നതാണ്.ചിങ്ങപ്പൂനിലാവും ദുഃഖവും ഇഴചേര്‍ന്ന് കിടക്കുമ്പോള്‍ കന്നികന്യകയുടെ ലാവണ്യവും പൊലിമയും ദേവത്വത്തിലേയ്ക്ക് കവിയുടെ ചിന്തകളെ നയിക്കുന്നു.ഇരുട്ടിന്റെ മഹിഷാസുര സൈന്യത്തോട് മാറിപ്പോവാനും, അര്ക്കചക്രമുദ്രയണിഞ്ഞവള് വരികയായി എന്നും പ്രഭാതത്തെ കവി ദേവത്വത്തിലുടെ കാണുന്നു.
പിയുടെ ഉള്ളില്‍ ഒരു മാതൃദേവതാ സങ്കല്പം പ്രകൃതിയുമായി ഇടചേര്‍ന്ന് കിടക്കുന്നുണ്ട്.പശ്ചാത്തപമോ ,പാപബോധമോ ആയി അത് പലപ്പോഴും മിന്നിമായുന്നു കവിതയില്‍.അമ്മയില്‍ നിന്നും വേറിട്ട് നിന്നാലും,അമ്മയില്‍ ത്തന്നെ ചുറ്റിത്തിരിയുന്ന മനസ്സ് .. തന്റെ രക്ഷകയും ശിക്ഷകയും പ്രകൃതിതന്നെയാണെന്ന ബോധം.
മലയാളത്തിന്റെ ധൂര്‍ത്തപുത്രനാണ് പി.കുഞ്ഞിരാമന്‍നായര്‍. സ്വതവേ കവികള്‍,വാക്കുകള്‍ സൂക്ഷമതയോടെ,മുറുക്കി വെയ്ക്കന്നവരാണ്. എങ്കിലെ സ്പര്‍ശമാത്രയില്‍ ധ്വനിക്കുകയും ഗാമക പ്രയോഗങ്ങള്‍ സാധ്യമാവുകയും ചെയ്യൂ.പിശുക്ക് എന്ന് വിളിക്കരുതിതിനെ.പിശുക്ക് നാണയങ്ങള്‍ക്കാണ് ബാധകം.പി പക്ഷെ പദങ്ങളിലും വിശേഷണങ്ങളിലും ധൂര്‍ത്തപുത്രനാണ്.അനേകം വിശേഷണങ്ങളുടെ/സുന്ദരപദങ്ങളുടെ അകമ്പടിയോടെ മാത്രമേ ഒരു വിശേഷ്യം പിയ്ക്കുള്ളൂ.
കവികളുടെ വാക് പ്രയോഗത്തിലെ സൂക്ഷ്തമയ്ക്ക് പി.പി ഉദാഹരിച്ച കഥ സംഘകാല കവിയായിരുന്ന ചീത്തലൈ ചാത്തനാരുടെയാണ്.ഇതിലെ ചീത്തലൈ എന്നത് ചാത്തനാര്ക്ക് രാജാവില്‍ നിന്നും ലഭിച്ച ബഹുമതിയാണ്.എഴുത്താണിയുപയോഗിച്ച് രചന നിര്‍വഹിക്കുമ്പോള്‍,വാക്കിനായി ചിന്തിച്ച്, ചിന്തിനാരായം തലയിലുരസി ഒരു വ്രണം രൂപപ്പെടുത്തുക.അതൊരിക്കലും ഉണങ്ങാനിടക്കൊടുക്കാതെ വാക്കിനായി അദ്ദഹം വീണ്ടും ചിന്തച്ചുരസി. അങ്ങനെ വാക് ചിന്തയില്‍ ചീഞ്ഞതലയായി മാറിയ ചാത്തനാര് ചീത്തലൈ ചാത്തനാര് ആയി.
എന്നാല്‍ പിയ്ക്കു മലനാടിന്റെ സര്‍ഗ്ഗസൗന്ദര്യം പോലെയായിരുന്നു പദങ്ങളും കവിതയും.വ്യവസ്ഥയോടുള്ള കലമ്പുകള് ഒരു വ്യവസ്ഥിതിയെയും അംഗീകരിക്കുവാന്‍ കഴിയാത്ത ഒഴുക്കായിരുന്നു അദ്ദേഹം. മറ്റു കവികള്‍ ചിന്താസരണിയില്‍ തന്റേതായി നേടിക്കൊണ്ടിരുന്നപ്പോള്‍ പി.അലഞ്ഞു തിരിഞ്ഞ് തേടിക്കൊണ്ടേയിരുന്നു. അശാന്തിയുടെ സഞ്ചാരങ്ങള്‍ ജഡത്വമായിരുന്നില്ല പി. കവിത. ചലനാത്മകം/ചൈതന്യം.[ഡി.വിനയന്ദ്രന്-സമസ്ത കേരളം പി.ഒ. പിയെ ക്കുറിച്ച്]
സൗന്ദര്യ പൂജ എന്ന കവിത പി അവതരിപ്പിച്ച്ത് എറണാകുളത്ത് വെച്ച് സമസ്തസാഹിത്യ പരിഷത്ത് യോഗത്തിലാണ്. ഒരു വിജയദശമി ദിവസം യാദൃച്ഛികമാകാം. പിയുടെ അനുഭവങ്ങളെ വെളിപാടുകളെ അനുഭവിക്കുവാനേ സാധിക്കൂ.വ്യവഛേദിച്ച് പഠിക്കുവാനാവില്ല. പ്രഥമമായി അറിയേണ്ടത് അനുഭവിക്കുവാനാണ് കവിത വ്യാഖ്യാനിക്കുവനല്ല -രണ്ടാമതേ വ്യാഖ്യാനം വരൂ. ആദ്യം പിയെ അനുഭവിക്കാനും ആസ്വദിക്കുവാനും കഴിയുക.അവിടെയാണ് പി. എന്ന കവിയുടെ ഒച്ച വേറിട്ടു കേള്‍ക്കുന്നത്..........കവിതയാവുന്നതും.
ധനം എന്‍.പി
മലയാളം
അഞ്ചേരി ഗവ. ഹയര്‍ സെക്കന്ററി സ്ക്കൂള് തൃശ്ശൂര്‍
11 അഭിപ്രായങ്ങൾ:
നല്ല പഠനം എഴുത്ത്
ഗ്രാന്റ് ........
സൗന്ദര്യ പൂജ എന്ന കവിതയില്‍ മലയാള ഋതുപരിണാമങ്ങളെ മാനുഷികാവസ്ഥയില്‍ കണ്ട്,മനുഷ്യത്വം,ദേവത്വം,മാതൃത്വം എന്നിങ്ങനെയൊരു യാത്ര.
ഈ കാര്യം ആദ്യമായി ഒരാള്‍ പറഞ്ഞു.....
എന്നാണ് ഈ ക്ലാസ്സ് നടന്നത് ? എവിടെ ?
നന്നായി ധന്യമായി
നന്നായി ധന്യമായി
പിയുടെ ജീവിതം എത്ര സുന്ദരമായിരുന്നു......നന്നായി...
ചീത്തലൈ ചാത്തനാര് !!!എന്തൊരു ഭാവന!!!!surprising
നന്നായിരിക്കുന്നു
ആശംസകള്‍
കുട്ടികള്‍ക്ക് പി. യടെ ഭാവനകളുടെ കളിമുറ്റത്തേക്ക് നയിക്കുന്ന അധ്യാപകരേ നമോവാകം!!!!!
വിജയദശമി ദിവസമാണ് പി. യുടെ സൗന്ദര്യ പൂജ കവിത അവതരിപ്പിച്ചത് എന്നത് പുതുമയായി.....നിങ്ങള്‍ ബ്ലോഗില്‍ കൊടുത്തത് വിജയദശ ദിവസണെന്ന് തോന്നുന്നു.....നന്നായി
മേഘരൂപന്‍ കണ്ടതിനു ശേഷം ഈ വിവരണം വായിച്ചപ്പോള്‍ 'മുടിയില്‍ ഗംഗയും മടിയില്‍ പാര്‍വ്വതിയും ഇരിക്കുന്ന പരമദയനീയനായ ശിവനെപ്പോലെയാണത്രേ ഒരേ സമയം കവിയും അധ്യാപകനുമായിരിക്കുക. ' എ ന്നതിന്റെ വെഷമം മനസ്സിലായി,....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ