കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

പ്രവാസികളുടെ ലോകം

ജോളി. ഏ.വി.

ഓരോ ഓര്‍മ്മകളും ഓരോ തുരുത്തുകളാണ്. ഓര്‍മ്മയുടെ തിരയിളക്കങ്ങള്‍ തീരത്തുവന്നു മുട്ടിക്കൊണ്ടേയിരിക്കും. അത് ചിലര്‍ക്ക് സാന്ത്വനമാണ്. ചിലര്‍ക്ക് തിരിച്ചുപോക്കാണ്. ചിലര്‍ക്ക് നൊമ്പരത്തിന്റെ കനല്‍ക്കഷ്ണങ്ങളാണ്. ബാല്യകാലത്തെക്കുറിച്ച് എപ്പോഴും പറയുന്നവരെ സൂക്ഷിക്കണമെന്ന് പറയാറുണ്ട്. ഭൂതകാലം സ്വര്‍ണ്ണമാണെങ്കില്‍ മുക്കുപണ്ടങ്ങള്‍ നിറഞ്ഞ ആഭരണശാലയാകണം വര്‍ത്തമാനങ്ങള്‍. ആരെങ്കിലും എന്തെങ്കിലും പറഞ്ഞുകൊള്ളട്ടെ സ്നേഹം പ്രതിബന്ധമറിയുന്നില്ലല്ലോ... എല്‍.പി.സ്കൂളില്‍ പഠിക്കുമ്പോള്‍ സ്നേഹമോ ...ഹ...ഹ...ഹ... അത് അവസാനമെഴുതാം.

1981...84 കാലത്തിന്റെ പഴന്താളുകള്‍ മറിച്ചാല്‍ മിഴിവുള്ള അനേകം ചിത്രങ്ങള്‍ കാണാം. മടക്കീട്ടും മടക്കീട്ടും അവസാനിക്കാത്ത ആകാശക്കുപ്പായം പോലെ ഒരുപാടോര്‍മ്മകള്‍.. ജീവിതത്തിന്റെ നിമ്ന്നോന്നതങ്ങളില്‍ എടുത്തെറിയപ്പെട്ട നിങ്ങളെല്ലാം എവിടെയാണ്? വരാന്തകളില്‍ ഓടിക്കളിച്ചും നുള്ളി നോവിച്ചും നടന്ന നാളുകള്‍. അവയിനി തിരിച്ചുവരുമോ? അന്നുകേട്ട അധ്യാപകരുടെ പ്രിയസ്വരങ്ങള്‍ ഏവിടേക്കുപോയി? ഒരിക്കലും അവയിലൊന്നും ഈ ഭൂമി വിട്ട് പോയിട്ടുണ്ടാകില്ല.

അന്ന് സ്കൂളിന് പാമോയിലില്‍ വേവിച്ചെടുത്ത ഉപ്പുമാവിന്റെ മണമായിരുന്നു. പച്ചക്കറി തോട്ടത്തിലെ പയറും കൊള്ളിയും എത്ര ലേലം വിളിച്ചെടുത്തു. കൊച്ചുകുട്ടികളായ ഞങ്ങളുടെ മുന്നിലേക്ക് ദേസുട്ടി മാഷ് കടന്നുവരുമ്പോള്‍ ...എസ്.എസ്.എയും ഡി.പി.ഇ.പിയും വരുന്നതിന് എത്രയോ മുമ്പ് ഞങ്ങള്‍ രണ്ടുതലയുള്ള കോഴിയേയും മൂന്നു തലയുള്ള തെങ്ങിന്‍തയ്യും കണ്ടിട്ടുണ്ടായിരുന്നു. അതു കാണാനായി ഞങ്ങള്‍ മഠത്തിന്റെ റോഡിലൂടെ സെന്ററും കടന്ന് മണ്ണാത്തിക്കുളത്തിനു മുമ്പിലുള്ള അദ്ദേഹത്തിന്റെ വീട്ടിലേക്ക് വരിവരിയായി നടന്നെത്തിയിരുന്നു. ക്രീം കളറിലുള്ള ഷര്‍ട്ടും നേവിബ്ളൂ (ആ കളറിന്റെ പേര് വലുതായപ്പോഴാണ് അറിഞ്ഞത് അതുവരെ അത് വെറും നീലയായിരുന്നു!) ട്രൌസറും ഇട്ട് നടന്നിരുന്ന കാലം.

അന്ന് പള്ളിനടയില്‍ സ്കൂളിന്റെ പടിഞ്ഞാറേ അറ്റത്തായി ഒരു മരമുണ്ടായിരുന്നു. വള്ളികളും പലതരം ചെടികളും പടര്‍ന്നു കയറിയ മരം ആലായിരുന്നോ? ആലിന് മുള്ളുണ്ടാകില്ലല്ലോ! ആ മുള്ളുകള്‍ പറിച്ചെടുത്ത് ഉള്ളം കയ്യില്‍ ചെറിയ തുന്നലുകള്‍ നടത്തി തൂക്കിയിട്ടിരുന്നത് മറന്നിട്ടില്ല.ഒരിക്കലൊരു ഓട്ടമത്സരത്തിലാണ് കുഞ്ഞിമിനിയുടെ പാവാടയഴിഞ്ഞത്. അതും കൂട്ടിപ്പിടിച്ചുകൊണ്ട് അവളോടിയ ഓട്ടം ഇപ്പോഴും അവസാനിച്ചിരിക്കില്ല. പിന്നെ വല്ല്യെ മിനി, അവള്‍ക്ക് പ്രേതത്തിലൊന്നും പേടിയില്ലല്ലോ! സെമിത്തേരിയുടെ തൊട്ടരികത്താണ് അവളുടെ വീട്. വെള്ളിയാഴ്ച ഉച്ചകള്‍ അവളുടെ വിജയത്തിന്റെ മണിക്കൂറുകളാണ്. ആ സമയങ്ങളിലാണ് സെമിത്തേരിയില്‍ ഒറ്റക്ക് പോയി നടന്നുവരാമോ എന്ന ചോദ്യം അവളുയര്‍ത്തുക. പ്രേതഭൂതാദികള്‍ ക്യാറ്റ്വാക്ക് നടത്തുന്ന പാതിരപോലെ നിശബ്ദവും നിഗൂഢവുമാണല്ലോ നട്ടുച്ചകളും. നടന്നാല്‍ മാത്രം പോര, അസ്ഥിക്കിണറിലേക്ക് നോക്കുകയും വേണം. ഞങ്ങളെ പരാജയപ്പെടുത്തുന്ന ഈ കക്ഷി ഒറ്റക്ക് പോയിട്ടുണ്ടാകുമോ... ആര്‍ക്കറിയാം.

ഉച്ചക്കൊരു പള്ളിയില്‍ പോക്കുണ്ട്. ബുധനാഴ്ച ദിവസങ്ങളില്‍ ഉച്ചയ്ക്ക് മെഴുകുതിരി സ്റ്റാന്റില്‍ രാവിലെ കുത്തിവെച്ച മെഴുകുതിരികളുടെ മെഴുക് പരന്ന് ഇളംചൂടോടെ കിടപ്പുണ്ടാകും.അതില്‍ അഞ്ചുവിരലും മുക്കി ഒറ്റോട്ടമാണ്. അന്നദ വെള്ളത്തിന്റെ അടുത്തേക്ക്. അതില്‍ വിരല്‍ മുക്കുമ്പോഴുള്ള സുഖം .. അതിന്റെ സഹനം... ശൂരത... പിന്നീടൊന്നും നടത്തിയിട്ടില്ല. അന്നദ വെള്ളം തലയിലൊഴിച്ചാല്‍ മുടി വളരുമെന്ന് പെണ്‍ പ്രജകളോട് ആരാണാദ്യം പറഞ്ഞതെന്ന് അറിയില്ല. ഉച്ചക്കുശേഷം അന്നവെള്ളത്തൊട്ടി കാലിയാകുന്നതിന്റെ രഹസ്യം കപ്യാര്‍ക്കറിയാമോ? എന്തൊക്കെ വിദ്യകള്‍...

മൂത്രപ്പുരകള്‍ എന്നും എവിടേയും ഒരു സംഭവമാണ്. കരിക്കട്ടകളുടെ ചിത്രങ്ങള്‍ അങ്ങിങ്ങ് കോറിവരച്ച പുരാതന മൂത്രപ്പുരകള്‍. സ്കൂളിന്റെ നാലുകെട്ടില്‍ നിന്നും ചെറിയ ഒരു വാതിലിലൂടെയാണ് മൂത്രപ്പുരയിലേയ്ക്ക് പോവുക. ആവശ്യമുണ്ടെങ്കിലും ഇല്ലെങ്കിലും, അവിടം സുഗന്ധമില്ലെങ്കിലും ഇന്റര്‍വെല്ലിന് മണിയടിച്ചാല്‍ എല്ലാവരും കൂടി ഓടടാ ഓട്ടമാണ്. വെറുതെ, ഒന്നുമില്ലെന്നേയ് ... ആ ചെറിയ വാതിലിലെത്തുമ്പോള്‍ ഒരു ബ്രേയ്ക്കിടലുണ്ട്. പോം. പോം എന്ന് പറഞ്ഞ് ഹോണടിച്ച് ചവിട്ടിത്തിരിച്ച് ഒരു പോക്ക്. ഒരിക്കല്‍ ജോണിമാഷുടെ ചീത്തകേട്ട് അങ്ങോട്ടെത്തുമ്പേഴേയ്ക്കും കുതിര്‍ന്ന എന്റെ ട്രൌസറുകള്‍ ആരോട് പരാതി പറയും. ഓടടാ... ഇവിടെയൊന്നും ഒഴിച്ചേക്കരുത്....

അന്നത്തെ കൂട്ടുകാരന്‍ സന്തോഷിന് വെറുതെ ആ കൃത്യം നിര്‍വ്വഹിച്ചുവരുന്നതില്‍ കമ്പമില്ല. പിന്നെ ചില പരീക്ഷണങ്ങള്‍. .. അവന് ആ മതിലിനു മുകളിലൂടെ ഒരിക്കലെങ്കിലും കടത്തണം. പറയാന്‍ മറന്നു. മതിലിനപ്പുറം പെണ്‍കുട്ടികളുടെ മൂത്രപ്പുരയാണല്ലോ. ഒപ്പം നിന്ന് ഹരം പിടിപ്പിക്കുന്നവര്‍ തന്നെ ജോസുമാഷോടു കാര്യം പറയും. പിന്നെയവിടെ നിന്നവര്‍ക്കും കണ്ടവര്‍ക്കും ചുമ്മാ ശ്രമിച്ചവനും ചെണ്ടമേളമാണ്, അടിയുടെ. പിന്നീട് വലുതായി ബഷീറിന്റെ മതിലുകളൊക്കെ വായിച്ചപ്പോഴല്ലേ സംഗതിയുടെ ഗൌരവം പിടികിട്ടിയത്. ഈ മതിലുകളുണ്ടല്ലോ, മതിലുകള്‍ അപ്പുറത്തും ഇപ്പുറത്തുമായി അനേകം സ്ത്രീ പുരുഷന്മാരെ വേര്‍തിരിച്ചിരുന്ന ജയിലിലെ മതില്‍ അത് ആദിമമായ ഒരു വിലക്ക് കൂടിയാണല്ലോ. അതില്‍ ദ്വാരമുണ്ടാക്കാന്‍ ശ്രമിച്ച മതിലുകളിലെ കഥാപാത്രം കൊണ്ട അടികളെപ്പോലെ സന്തോഷും എത്ര കൊണ്ടു.

പയറിന് തടം കോരുവാനും മണ്ണു കെട്ടുവാനും പദ്യം ചൊല്ലിക്കഴിഞ്ഞവര്‍ക്കല്ലേ അനുവാദമുള്ളൂ. വിചിത്രമായ ആചാരങ്ങള്‍!! മറ്റത്തില്‍ നിന്നു വന്നിരുന്ന ആനിടീച്ചര്‍ എത്ര സൂത്രക്കാരിയാണ്.പദ്യം ചൊല്ലിക്കഴിഞ്ഞാല്‍ ടീച്ചര്‍ പറയും ദേ റാഫി പദ്യം മുഴുവനും കാണാതെ ചൊല്ലി. മിടുക്കന്‍ പോയ്ക്കോ... കയ്ക്കോട്ടെടുത്ത് കെളയ്ക്കാന്‍ തുടങ്ങിക്കോ. പദ്യം പഠിക്കാത്തവര്‍ റാഫിയെ പ്രാകിയിരിക്കുമ്പോള്‍ അവന്‍ തോട്ടത്തില്‍ പണി തുടങ്ങിക്കാണും. ഇന്ന് കെ.സി.എഫ് പ്രശ്നമേഖലയില്‍, കൃഷി ഒരു സംസ്കാരമായി കാണാത്ത അവസ്ഥയെന്നൊക്കെ വാ തോരാതെ സ്കൂളില്‍ പറയുമ്പോള്‍ ഒരു നല്ല അധ്യാപകരുടെ സൂത്രങ്ങളോര്‍ക്കും. ഞങ്ങളെ മണ്ണിനോട് സ്നേഹമുള്ളവരാക്കാന്‍ അവര്‍ രൂപപ്പെടുത്തിയ തന്ത്രങ്ങളോര്‍ക്കും.

പ്രിയ പാത്തുമ്മ, നീയിവിടെയുണ്ടായിരുന്നെങ്കില്‍ മാഗസിന്‍ അടിക്കാനുള്ള സംഭാവനപ്പിരിവ് കേമമായേനേ. നിനക്കോര്‍മ്മയുണ്ടോ ഓരോ ഡിവിഷനും വാദിച്ചുള്ള മത്സരമായിരുന്നു. അഞ്ചും പത്തും ഇരുപത്തഞ്ചും അമ്പതും പൈസകള്‍ ടിന്നിന്റെ ചെറിയ ഗ്യാപ്പിലൂടെ തള്ളിയിറക്കാന്‍ അപൂര്‍വ്വമായി ഒറ്റ രൂപയും. അങ്ങനെയിരിക്കുമ്പോഴാണല്ലോ നമ്മുടെ ക്ളാസ്സ് ഒരു വട്ടം ഒന്നാമതെത്തിയത്. നീ മറന്നുപോയോ അത് നീ കൊണ്ടുവന്നിട്ട അഞ്ചുരൂപയുടെ കനത്തിലായിരുന്നു. നിരവധി ചോദ്യങ്ങള്‍... എങ്ങനെ... എവിടന്ന് ..ആരുടെ... സക്കാത്ത് കിട്ടിയ കാശാണെന്ന് പറഞ്ഞത് ബോധ്യപ്പെടാതെ നിനക്ക് ഉമ്മയെ ഹാജരാക്കേണ്ടി വന്നു. സത്യം, ആ വിജയം ഞങ്ങളിപ്പോഴും ഓര്‍ക്കാറുണ്ട്. സ്കൂളിനു മുകളിലൂടെ ഓര്‍മ്മകളുടെ സിക്സര്‍ പായിക്കുമ്പോള്‍ ആദ്യം കടന്നു വരിക നിന്റെ ആ പഴയ മുഷിഞ്ഞ അഞ്ചുരൂപാ നോട്ടിന്റെ തിളക്കമാണ്. നീ കേള്‍ക്കുന്നുണ്ടോ.... വിവാഹത്തിനോ ഞങ്ങളെ നീ വിളിച്ചില്ല. ഗ്യാസടുപ്പ് പൊട്ടിത്തെറിച്ച് നീയൊരു തീമരമായെന്ന് കേട്ടപ്പോള്‍ ഞങ്ങളാദ്യം വിശ്വസിച്ചില്ല. അങ്ങനെ മരിച്ചുപോയെന്ന് പിന്നീടും.

ഓര്‍മ്മകള്‍ മാഞ്ഞുതുടങ്ങിയിട്ടില്ല. ഇപ്പോള്‍ സ്കൂളിന്റെ പകുതിയും ഇല്ലാതായി. നേഴ്സിങ്ങ് പഠനം വന്നതോടുകൂടി ഒഴിഞ്ഞ വടക്കേ ഭാഗങ്ങളും മൂത്രപ്പുരയും അപഹരിക്കപ്പെട്ടു.

മഴക്കാലത്ത് നാലുകെട്ടിന്റെ മുകളിലെ പാത്തിയിലൂടെ വെള്ളം കുതിച്ചുവരുമ്പോള്‍ കുടപിടിച്ച് അതിനെ മുറിച്ചു കടക്കുന്ന അനിയന്മാര്‍ ഇന്നുമുണ്ടാകില്ലേ. ഇന്നും ഒന്നാം ക്ളാസ്സ് എയിലേയും ബിയിലേയും കുട്ടികള്‍ക്ക് ഓള്‍റൈറ്റുകള്‍ സ്ളേറ്റുകളില്‍ പതിച്ചു നല്‍കാറില്ലേ.അന്നുവാങ്ങിയ ശരികളുടെ അത്രയൊന്നും പിന്നീട് നമ്മള്‍ നേടുന്നില്ലല്ലോ. കരിക്കട്ട പെന്‍സിലും നെറക്കട്ട പെന്‍സിലും സ്കൂളില്‍ നിന്ന് പേര് വെട്ടിപ്പോയോ. അനിയന്മാരേ , ഒരു കഷണം മഷിത്തണ്ടിന് പകരം വളപ്പൊട്ട് പകരം കൊടുക്കാറുണ്ടോ?

ടാ, ഹസ്സുസ്സാ. ഹസ്സനും ഹുസ്സനും, അവര് ഇരട്ടകളാണ്., രണ്ടാംക്ളാസ്സ് മുതലുള്ള സുഹൃത്തുക്കള്‍. ഇപ്പോഴും ആരാണ് ഹസ്സന്‍ ആരാണ് ഹുസ്സന്‍ എന്ന് എനിക്ക് തിട്ടം പോരാ. കുറച്ചു മുമ്പ് കണ്ടുമുട്ടിയപ്പോള്‍ ഞാന്‍ അവനോട് പറഞ്ഞു. നമ്മുടെ പള്ളി സ്കൂളിന്റെ 100-ാം വാര്‍ഷികമാണ് നമുക്കൊന്ന് ഒത്തുകൂടണം. അറബിടീച്ചറ് ഇന്നാളും നിന്റെ കാര്യം പറഞ്ഞു. ഓ നിങ്ങളൊക്കെ വല്യെ മാഷ്മാരല്ലേ, ഞങ്ങളെയൊന്നും ഒന്നും അറിയിക്കില്ലല്ലോ. ഞങ്ങക്ക് വല്യെ പഠിപ്പൊന്നൂല്ലഷ്ടാ. ..’’ഏയ് അങ്ങനെയൊന്നൂല്ലെടാ ഞാമ്പറയണതൊന്ന് കേക്ക്.... പരിഭവം കലര്‍ന്ന് ബൈക്കിലേക്ക് കയറിയ അവനോട് ഞാന്‍ പറഞ്ഞു ഡാ നിനക്ക് നമ്മുടെ ക്ളാസ്സിലെ ഗ്ള ഗ്ള ഗ്ളുവിനെ ഓര്‍മ്മയുണ്ടോ? എനിയ്ക്കോര്‍മ്മീണ്ട്. ..ന്റെമ്മോ, ഞാന്‍ വിചാരിച്ചു, എയ്ക്ക്മാത്രേ ഓര്‍മ്മീണ്ടാവുള്ളൂന്ന്

ഓര്‍മ്മകള്‍ അവസാനിക്കുന്നില്ല. കണ്ണുകളില്‍ മരണത്തിന്റെ നരച്ച നിറങ്ങള്‍ വരുന്നതു വരെ.

സുസ്വാഗതം

ചിത്രദക്ഷിണതുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്