കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

ഒരു തിരക്കഥ തുടങ്ങുന്നു...തുടരുന്നു.....

പലപ്പോഴും നമ്മള്‍ വിചാരിക്കുന്നത് സകല മനുഷ്യരുടെയും പ്രയാസങ്ങള്‍ നമുക്കറിയാ മെന്നാണ്. മറ്റു മനുഷ്യരുടെ പലവിധ പ്രയാസങ്ങള്‍ നമ്മള്‍ എപ്പോഴും മനസ്സിലാക്കിയാണ് ജീവിക്കുന്നത് എന്ന നമ്മുടെ ബോധ്യം എത്ര നിസ്സാരമാണെന്ന് ചില സന്ദര്‍ഭങ്ങളിലെ നമുക്ക് തിരിച്ചറിയൂ. മനുഷ്യരുടെ സകല പ്രയാസങ്ങള്‍ നമുക്കറിയുന്നതിനാല്‍ ഞാന്‍ വലിയ മനുഷ്യത്വമുള്ളവനാണെന്നും മനുഷ്യ സ്നേഹി യാണെന്നും സ്വയം വിശ്വസിച്ചു നടക്കുന്ന ഒരു സാധാരണക്കാരനായ മലയാളി തന്നെ ഞാനും.മാത്രമല്ല, ഒരു മലയാളം അധ്യാപകനും.

ക്ലാസ്സുകളില്‍ കുട്ടികള്‍ക്ക് മുന്‍പില്‍ മാനുഷിക മൂല്യങ്ങള്‍ വാതോരാതെ പ്രസംഗിക്കുമ്പോള്‍ ഭയങ്കര ആവേശമാണ് കാണുക .കവിതാ ശകലങ്ങളും നോവല്‍ ഭാഗങ്ങളും ഇടയ്ക്കിടയ്ക്ക് ക്വാട്ട് ചെയ്തു ക്ലാസ് കഴിഞ്ഞു ലഹരി പിടിച്ചവനെപ്പോലെ സ്റ്റാഫ് റൂമില്‍ വന്നിരിക്ക.പിന്നെ ഉച്ചക്കുള്ള ഊണ് കഴിച്ചു വീണ്ടും ക്ലാസ്സുകളില്‍ കയറി ആവേശം കാണിക്കുക.ഇങ്ങനെ ഒരു മിനിമം അധ്യാപകനായി ഞാന്‍ കൂടുന്നു.

അങ്ങനെയിരിക്കെ ഒരു ദിവസം..ഏതാണ്ട് ആറു വര്‍ഷം മുന്‍പാണ്.

പതിവു പോലെ ഉച്ച സമയത്ത് ചോറ്റുംപാത്രത്തിലെ മുഴുവന്‍ വറ്റും കഴിച്ച് ഒരേമ്പക്കം വിട്ട് കൊച്ചു തമാശകള്‍ പറഞ്ഞിങ്ങനെ ഇരിക്കുമ്പോള്‍ എന്റെ ക്ലാസിലെ ലീഡര്‍ വന്ന് നിധീഷ് തല ചുറ്റി കിടക്കുകയാണെന്ന് പറഞ്ഞു.എന്റെ ക്ലാസ് എട്ടാം ക്ലാസ് ആണ്. അതും ബി ഡിവിഷന്‍.വളരെ നിസ്സാരമായി കുട്ടികള്‍ക്കിടയില്‍ പൂശി വിടും പോലെയൊരു പൊങ്ങച്ചം പറയുകയാണെങ്കില്‍ ആര്‍ക്കും എന്റെ ക്ലാസ്സിന്റെ മോന്തായം ഫ്രീയായി കാണാം.wikimapia-യില്‍ തലോര്‍ തിരഞ്ഞ് ദീപ്തി ഹൈസ്കൂള്‍ എടുത്താല്‍ ഞങ്ങളുടെ ഹൈസ്ക്കൂളിന്റെ മേല്‍ക്കൂര മുഴുവന്‍ ഫിലിപ്പ് മാഷിന്റെ എട്ടാം ക്ലാസ് എന്ന് അടയാളപ്പെടുത്തിയത് കാണാം.ഈ അടയാളപ്പെടുത്തിയതില്‍ മുകള്‍ നിലയിലെ എല്ലാ ക്ലാസ്സുകളും പെട്ടിട്ടുണ്ടെന്നത് ആരെങ്കിലും അഭിപ്രായം പറഞ്ഞാല്‍ അതെന്റെ വിശാല മനസ്ഥിതി കൊണ്ടാണ്.....

നിധീഷിന് തല ചുറ്റിയതു അന്വേഷിക്കാന്‍ ഞാനും എന്റെ സുഹൃത്ത് ജോയും കൂടി പുറപ്പെട്ടു.മുകള്‍ നിലയിലെ നടുവിലെ ക്ലാസ്സില്‍ ഞങ്ങള്‍ ചെല്ലുമ്പോള്‍ ജനലിനു അരികെയുള്ള ബഞ്ചില്‍ കുട്ടികള്‍ തടിച്ചു കൂടി നില്‍ക്കുന്നു.എല്ലാവരെയും മാറ്റി നിധീഷിന്റെ അടുത്തു ചെന്നു,പൂര്‍ണമായി തലചുറ്റലില്ല. ഒരു തല കറക്കം.അവനെ താങ്ങി താഴേക്ക്‌ കൊണ്ട് വന്നു.സ്റാഫ് മുറിയിലെ ഒഴിഞ്ഞ ഭാഗത്ത് ഇരുത്തി ആദ്യത്തെ ചോദ്യം ചോദിച്ചു.

ഇത്തരം സന്ദര്‍ഭങ്ങളില്‍ എല്ലാ അധ്യാപകരും ചോദിക്കുന്ന ചിര പുരാതനമായ ചോദ്യം."മോന്‍ ഇന്ന് ഉച്ചക്ക് ഭക്ഷണം കഴിച്ചില്ലേ?"ഇല്ല"

നിധീഷ് ഇനി മറച്ചു വക്കാന്‍ ഒന്നുമില്ലെന്ന ഭാവത്തില്‍ എന്നോട് അങ്ങനെ പറഞ്ഞപ്പോള്‍ എനിക്ക് നിധീഷിന്റെ ദൈന്യതയുടെ ചെറിയൊരു ആഴം കാണുവാന്‍ തൊടങ്ങി.രാവിലെ എന്താണ് നീ കഴിച്ചത് എന്നു ചോദിച്ചപ്പോള്‍ അതിനും മറുപടി ഇല്ലെന്നുള്ള ഒരു നേര്‍ത്ത ശബ്ദം ആയിരുന്നു.ഞാന്‍ ഒരു വല്ലാത്ത അവസ്ഥയിലായി.ഉടനെ സ്റാഫ് റൂമിന് പുറത്തു വന്നു ആന്റെട്ടനെ വിളിച്ച് പുറത്തെ ഹോട്ടലില്‍ നിന്നും ഒരു ഊണ് കൊണ്ട് വരുവാന്‍ പറഞ്ഞു.എന്നിട്ട് നിധീഷിനരികില്‍ ഇരുന്നു.എനിക്ക് വല്ലാത്തൊരു ശ്വാസം മുട്ടല്‍ പോലെ.ഇവനോട് എന്ത് പറയും?

കുറച്ചു കഴിഞ്ഞപ്പോള്‍ ആന്‍റെട്ടന്‍ ഊണ് കൊണ്ട് വന്നു.നിധീഷ് കഴിച്ചു.അവന്‍ മുഴുവന്‍ കഴിച്ചില്ല.പൊതിയില്‍ ബാക്കി കണ്ടപ്പോള്‍ ഞാനവനോട് അത് കൊട്ടയില്‍ ഇട്ടോളാന്‍ പറഞ്ഞു.അതിനവന്‍ പറഞ്ഞ മറുപടി എന്നെ വല്ലാണ്ടാക്കി .ഞാന്‍ തീരെ പ്രതീക്ഷിക്കാത്ത ഒരു മറുപടി കേട്ടപ്പോള്‍ ഞാന്‍ ഒരു മാതിരി വെള്ളാമ്പിച്ച പോലായി."മാഷേ ഞാനിത് എന്റെ ഉണ്ണിക്കു കൊടുക്കാം"


അവന്റെ ഉണ്ണി ഞങ്ങളുടെ സ്കൂളിന്റെ അടുത്തുള്ള യു..പി..സ്കൂളില്‍ പഠിക്കുന്നു.പേര് പറഞ്ഞത് ഓര്‍ക്കുന്നില്ല.അവനു അച്ഛനില്ല.അമ്മയുണ്ട്‌ അടുത്തുള്ള ഒരു ഓഡിറ്റൊറിയത്തില്‍ പാത്രം കഴുകുന്നു.മറ്റു പണികള്‍ എടുക്കുന്നു.ആകെ ആയിരം രൂപ ലഭിക്കും.ആ പൈസ മാസത്തിലെ ഇരുപതാം തിയതി ആകുമ്പോള്‍ അവസാനിക്കുന്നു.

അച്ഛനും അമ്മയും പ്രേമിച്ചു വിവാഹം ചെയ്തവരാകയാല്‍ അച്ഛന്റെ വീട്ടുകാരും അമ്മയുടെ വീട്ടുകാരും നോക്കുന്നില്ല.ഇവര്‍ താമസിക്കുന്നത് ആകെ രണ്ടു സെന്ററിലാണ്.ഇവരുടെ വീടിനു പിറകില്‍ ഇളയച്ഛന്റെ വീടുണ്ട്.ഇളയച്ഛനു കേറ്ററിംഗ് സര്‍വീസാണ്.പക്ഷെ ഇളയച്ഛനും സഹായിക്കില്ല.
എന്റെ മനസ്സിലൂടെ അപ്പോള്‍ നിധീഷിന്റെ വീടിന്റെ പുറകിലൂടെ പോകുന്ന ഇളയച്ഛന്റെ ടെമ്പോയും അതിലെ ചോറും കറികളും പാത്രത്തില്‍ മൂടിവച്ചും തുറന്നു വച്ചും പോയി.ഞാന്‍ വല്ലാത്തൊരു അവസ്ഥയിലായി.സ്വന്തം ഇളയച്ഛന്‍ പിറകിലെ വീട്ടില്‍ സദ്യ കഴിഞ്ഞു ബാക്കി വരുന്ന ഭക്ഷണം പറമ്പില്‍ കുഴിച്ചു മൂടുമ്പോള്‍ നിധീഷും അവന്റെ അനിയത്തിയും അമ്മയും ഓരോ മാസത്തിലും ഇരുപതാം തിയതി കഴിഞ്ഞാല്‍ പട്ടിണി കിടന്നു പൊരിയുന്നു.

നിധീഷന്നു ക്ലാസില്‍ കയറിയില്ല.അവന്‍ ബാക്കിയായ ഭക്ഷണം അനിയത്തിക്ക് കൊണ്ട് പോകുന്നത് ഞാന്‍ നോക്കി നിന്നു.

ഈ സംഭവം എനിക്ക് പലപ്പോഴും അസ്വസ്ഥതയുണ്ടാക്കും.ഒരു ചെറിയ കുറുമ്പന്‍ കൂടിയായ നിധീഷിനെ ഞാന്‍ ഇങ്ങനെ ഓര്‍ത്ത്‌ ആലോചിച്ചു പലപ്പോഴും ഒരു വിങ്ങല്‍ തോന്നാറുണ്ട്.

നിധീഷിന്റെ സംഭവം കഴിഞ്ഞ് അഞ്ചു വര്‍ഷം കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ സ്കൂളില്‍ ഉണ്ടായ ഹ്രസ്വ ചിത്ര ശില്പ ശാലയില്‍ ഞാന്‍ നിധീഷിന്റെ സംഭവം തിരക്കഥയാക്കി അവതരിപ്പിച്ചു.നിധീഷും അനിയത്തിയും ഞങ്ങളുടെ സ്കൂളില്‍ നിന്നും പോയിരുന്നു.മാത്രമല്ല.മറ്റു ചില ദുരന്തങ്ങള്‍ കൂടി ആ കുടുംബത്തിനുണ്ടായി.എങ്കിലും ആപത്തുകളില്‍ നിന്നും കൈ പിടിച്ചു കയറ്റി അവരുടെ ചെറിയ ജീവിതം മുന്നോട്ടു പോകുന്നു.

നോവലുകളില്‍ വായിക്കുന്നത് പോലെ ചിലരുടെ ജീവിതത്തില്‍ പലപ്പോഴും ജീവിതത്തിന്റെ ക്രൂരത വളരെ ഭീകരമായി കാണുന്നു.ഇതിനെല്ലാമുള്ള പ്രതിവിധി എന്താണെന്ന് ചോദിച്ചാല്‍ എനിക്കറിയില്ല.അതിനിയും മനുഷ്യര്‍ എല്ലാവരും കൂടിയിരുന്നു ആലോചിക്കുന്ന കാലമെന്നാണാവോ ? ആര്‍ക്കറിയാം?


നിധീഷിന്റെ ദു :ഖം പകര്‍ത്തിയ തിരക്കഥയാണ് ഇവിടെ കൊടുക്കുന്നത് .ഇത് ഒറ്റയടിക്ക് തീര്‍ക്കുവാന്‍ എനിക്ക് കഴിയില്ല.സമയം കിട്ടുമ്പോള്‍ എല്ലാം എഴുതി ഈ പോസ്റ്റ് പൂര്‍ത്തിയാക്കണം.


(നിധീഷ് എന്ന പേര് യഥാര്‍ത്ഥമല്ല )

2 അഭിപ്രായങ്ങൾ:

ambhika പറഞ്ഞു...

നന്നായി

അജ്ഞാതന്‍ പറഞ്ഞു...

ഉള്ളില്‍ തട്ടി വരുന്നു

സുസ്വാഗതം

ചിത്രദക്ഷിണതുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്