കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്



മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

മഴക്കാലമായ് .കുട്ടീ , 'പാഠം' ഒരുക്കാം

അങ്ങനെ മഴക്കുടക്കീഴില്‍ നനഞ്ഞ് കുട്ടികള്‍ സ്കൂളില്‍ വരവായ്. വന്ന് ക്ലാസുമുറികളില്‍ ഇരിപ്പായ്. ക്ലാസ്സുമുറികളില്‍ ജനാലയിലൂടെ മഴ മെല്ലെ കുട്ടികളെ വീശിപ്പിടിക്കുന്നു.മലയാളം മാഷും ടീച്ചറും വരവായ്.
പത്താം ക്ലാസ്സിലെ പുതിയ പുസ്തകത്തില്‍ പഠിക്കുന്ന ആദ്യാക്ഷരം ' ക ' യാണ്.
' കാലിലാലോലം ചിലമ്പുമായ് ' എന്ന ആദ്യ യൂണിറ്റിലെ ' ക '
ക എന്നാല്‍ മലയാളത്തിലെ ആദ്യ വ്യഞ്ജനം.
കലയിലെ ' ക '.
കഥകളിയിലെ ' ക'
കാലിലാലോലം ചിലമ്പുമായ് എന്ന് ആദ്യ യൂണിറ്റിന് പേര് കൊടുത്തത് ആരായാലും അവന്‍ കവിയാണ്‌.
വേര്‍ഡ്സ് വര്‍ത്ത് പറഞ്ഞു. നല്ലൊരു കവിക്കെ നല്ലൊരു നിരൂപകനും ആകുവാന്‍ കഴിയൂ.ആ രീതിയില്‍ പറഞ്ഞാല്‍ കേരള പാഠാവലിയുടെ ഈ വര്‍ഷത്തെ പുസ്തകം രൂപകല്‍പ്പന ചെയ്തവര്‍ കവിഹൃദയം ഉള്ളവര്‍ തന്നെ.
അങ്ങനെ
പത്താം ക്ലാസ്സില്‍ കളിവിളക്ക് തെളിയിച്ചാണ് ഭാഷാധ്യാപനം പുറപ്പാട് നടത്തുന്നത്.
കഥകളി കലാകാരനെയും കൊണ്ടാകണം ക്ലാസ്സ് ആരംഭിക്കുവാന്‍...
മുന്‍പില്‍ ഇരിക്കുന്നത് ജീവനുള്ള കുട്ടികള്‍.
ആദ്യ പാഠം വിശ്രുതമായ നളചരിതം ആട്ടക്കഥ.
നള മഹാരാജാവിന്റെ കഥ പറയേണ്ടേ?
കുട്ടികള്‍ പഠിക്കുന്നത് രംഗകലയല്ല.ആട്ടക്കഥയാണ് .കഥകളി കുട്ടികള്‍ കാണണം.മുദ്രകള്‍ അറിഞ്ഞു ആസ്വദിക്കണം.
ഹസ്തദീപികലക്ഷണ പഠിക്കേണ്ടാ...പക്ഷെ മുദ്രകള്‍ അറിയേണ്ടേ?
ഇല്ലെങ്കില്‍ കഥകളി നമ്മുടെ വരും തലമുറക്കും അന്യമാകുകയില്ലേ?
നളച്ചരിതത്തില്‍ തുടങ്ങി ഒട്ടെല്ലാ സാഹിത്യ രൂപങ്ങളും പഠിക്കുന്ന കുട്ടികള്‍....
അപ്പോള്‍ പത്താം ക്ലാസ്സിനു ഹരിശ്രീ തുടങ്ങേണ്ടത് എങ്ങനെ?
ബഹുമുഖമായ സാഹിത്യ കൃതികളിലൂടെ കുട്ടികള്‍ പോകേണ്ടതിനാല്‍ കൃത്യമായി ഓരോ 'പാഠവും' ഒരുക്കേണ്ടേ?
പഠിപ്പിക്കുന്നത്‌ മുഖ്യമായും സാഹിത്യമാണ്.അത് പ്രയോഗിച്ചു നോക്കുന്നതും പലവിധമായ വ്യവഹാര രൂപങ്ങളില്‍...
അപ്പോള്‍ എവിടുന്നു ആരംഭിക്കണം?
പത്താം ക്ലാസ്സിലേക്ക് വലതു കാല്‍ വച്ച് കയറുമ്പോഴേക്കും കഥകളി പുരാണം മുഴുവന്‍ അവരുടെ നെറുകയില്‍ കെട്ടിവക്കണോ?
ഇത് വ്രതം നോറ്റ് മലക്ക് പോകലോ?
അപ്പോള്‍ സാഹിത്യത്തിന്റെ അടിസ്ഥാന ശിലകള്‍ കൊണ്ട് പണി ആരംഭിക്കണം.
എനിക്ക് തോന്നുന്നത് സാഹിത്യ രസം എങ്ങനെ ഉണ്ടാകുന്നു എന്നവര്‍ കാണണം....
നമ്മുടെ ആചാര്യന്മാര്‍ നല്‍കിയ മാര്‍ഗങ്ങള്‍ ക്ലാസ്സില്‍ പ്രയോഗിച്ചു നോക്കൂ...
വ്യത്യസ്തമായ ഭാഷാ പ്രയോഗത്തില്‍ നിന്നും സാഹിത്യം എങ്ങനെ രസകരമാകുന്നത്?
ഈ രഹസ്യം കുട്ടികള്‍ അറിഞ്ഞാല്‍ അവര്‍ സാഹിത്യം അറിഞ്ഞു രസിക്കും. ഏതു ധൂസര സങ്കല്‍പ്പങ്ങളില്‍ പോയാലും സാഹിത്യ രസം അവര്‍ വിടില്ല.
അപ്പോള്‍ എന്തെല്ലാ കാര്യങ്ങള്‍ കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കാം?
ആദ്യം ഭാരതീയ സാഹിത്യ സിദ്ധാന്തങ്ങളില്‍ ഉന്നത സ്ഥാനം വഹിക്കുന്ന ' ധ്വനി 'യാവട്ടെ ....
അതില്‍ത്തന്നെ എല്ലാം വേണ്ടാ....
വാക്ക് അതിന്റെ അര്‍ഥം നല്‍കുന്ന പല രീതികളെക്കുറിച്ചാകാം...
അതായത് അഭിധ , ലക്ഷണ , വ്യഞ്ജന
അഭിധ
ഒരു വാക്ക് നേരിട്ട് അര്‍ഥം തരുന്നതാണ് അഭിധ.
അഭിധ മൂന്ന് തരമുണ്ട്.
1 .രൂഢി 2. യോഗം 3.യോഗരൂഢി
1.രൂഢി : പുസ്തകം, കട എന്നിവ ഉദാഹരണം. അതായത് ജനമനസ്സില്‍ പതിഞ്ഞ ഒരു പദത്തിന്റെ അര്‍ഥം.
2.യോഗം : പാചകന്‍ ഉദാഹരണം. അതായത് ഒരു പദത്തില്‍ അടങ്ങിയ വാക്കുകളുടെ കൂട്ടായ അര്‍ഥം.
3.യോഗരൂഢി : പങ്കജം ഉദാഹരണം. അതായത് ഇത്തരം വാക്കുകളുടെ അര്‍ഥം 'യോഗ' അര്‍ഥം പോലെയാണ്.പക്ഷെ അങ്ങിനെയാനെങ്കിലും ജനങ്ങള്‍ പൊതുവായി സ്വീകരിച്ച ഒരു അര്‍ഥം മാത്രമുണ്ടായിരിക്കും. പങ്കജം എന്നാല്‍ മലയാളികള്‍ക്ക് താമരപ്പൂവാണ് .അത് ശരിയാണ്. എന്നാല്‍ ആമ്പല്‍പ്പൂവും ഉണ്ടാകുന്നത് പങ്കത്തില്‍ (ചളിയില്‍) നിന്നാണല്ലോ...പങ്കജം എന്ന് കേള്‍ക്കുമ്പോള്‍ മലയാളികള്‍ താമരയെ മാത്രമേ മനസ്സിലാക്കുന്നുള്ളൂ..
ലക്ഷണ
വാക്കുകള്‍ നേരിട്ട് അര്‍ഥം നല്‍കാതെ വരുമ്പോള്‍ ലഭിക്കുന്നതാണ് ലക്ഷണയിലൂടെയുള്ള ലക്ഷ്യാര്‍ത്ഥം.അതായത് അഭിധ വഴിയുള്ള വാച്യാര്‍ത്ഥത്തിനു തടസ്സം വരുമ്പോള്‍ പിന്നെ നമുക്ക് ലഭിക്കുന്നത് ലക്ഷ്യാര്‍ത്ഥമാണ് .ലക്ഷണ പലവിധമുണ്ട്.
അതെല്ലാം കുട്ടികള്‍ക്ക് മനസ്സിലാക്കേണ്ടതില്ല.
'ഒറ്റക്കല്ലിങ്ങോടി വന്നൂ' എന്നത് ഉദാഹരണം.ഈ വാക്ക്യത്തില്‍ 'ഓടി വന്നൂ'എന്നതിന് അര്‍ഥം ലഭിക്കുന്നില്ല.കല്ല്‌ ഓടി വരികയില്ലല്ലോ?അതിനാല്‍ അതിവേഗത്തില്‍ കൊണ്ട് വരപ്പെട്ടതാണ് ഇവിടത്തെ കല്ല്‌.
മറ്റൊരു ഉആഹരണം..
കരിമുകില്‍ കാട്ടിലേ
രജനി തന്‍ വീട്ടിലേ
കനകാംബരങ്ങള്‍ വാടീ
കടത്തുവള്ളം യാത്രയായീ...
ഈ മധുമോഴിയില്‍ കനകാംബരങ്ങള്‍ എന്താണെന്ന് അറിയാമല്ലോ?
വ്യഞ്ജന
അഭിധ കൊണ്ട് ലഭിക്കുന്ന വാച്യാര്‍ത്ഥത്തിനേക്കാളും ലക്ഷണ കൊണ്ട് ലഭിക്കുന്ന ലക്ഷ്യാര്‍ത്ഥത്തെത്തെക്കാളും അതീതമായി ലഭിക്കുന്ന ഒരു പുതിയ അര്‍ത്ഥമാണ് വ്യഞ്ജനാര്‍ത്ഥം.വ്യഞ്ജന പലവിധമുണ്ട്.അവയെല്ലാ ക്ലാസ്സില്‍ പറഞ്ഞാല്‍ രസകരമാണെങ്കിലും സമയം ധാരാളമായി വേണ്ടിവരുന്നതാണ്.അതിനാല്‍ എന്താണ് വ്യഞ്ജന എന്ന് മാത്രം പറയുകയാണ്‌ നല്ലത്.
'കാശീ നഗരം ഗംഗയിലാണ്' എന്നതിന്റെ വാച്യാര്‍ത്ഥം എന്താണ്?
നദിയില്‍ ഒരു നഗരം നില്‍ക്കുമോ? ഇല്ല.അപ്പോള്‍ വാച്യാര്‍ത്ഥം പോയി....അഭിധയുടെ ശക്തി ക്ഷയിച്ചു.
ഇനി ലക്ഷണ നോക്കാം..
ഗംഗാ നദിക്കരയിലാണ് കാശീനഗരം എന്ന് കാണാം...ഇത് ലക്ഷ്യാര്‍ത്ഥം.
ഇനി ഇതിലുള്ള നവീനമായ മറ്റൊരു അര്‍ഥം കൂടിയുണ്ട്.അവിടെയാണ് വ്യഞ്ജന പ്രവര്‍ത്തിക്കുന്നത്.
'കാശീ നഗരത്തിനു ഗംഗാ നദിയുടെ പരിശുദ്ധി മുഴുവന്‍ ഉണ്ട് ' എന്നാണാ വ്യംഗ്യാര്‍ത്ഥം.
കാവ്യങ്ങള്‍ ,സാഹിത്യം ആസ്വദിക്കുവാന്‍ ഭാഷാപരമായ ജ്ഞാനം ആവശ്യമാണ്‌. സാഹിത്യ കൃതികളില്‍ വാക്കുകള്‍ക്കു ജീവന്‍ തുടിക്കുന്നതെങ്ങനെയെന്നു കുട്ടികള്‍ ഉദാഹരണ സഹിതം മനസ്സിലാക്കിയാല്‍ അത് കുട്ടികള്‍ക്ക് ലഭിക്കുന്ന വലിയ ഒരുക്കമാകും.
അതിനാല്‍ മഴമേഘങ്ങള്‍ ഇനിയും പെയ്യട്ടെ!
വരമ്പ് കെട്ടി ഞാറു നാടും മുന്‍പ് കളമൊരുക്കണ്ടേ ?
മാനത്തു കനകാംബരപ്പൂക്കള്‍ വാടട്ടെ.
മലയാളം അധ്യാപകന്റെ വാക്കുകളില്‍ നിന്നും കുട്ടികള്‍ സ്വപ്നങ്ങളിലേക്ക് പോകട്ടെ...
മലയാള അധ്യാപകന് എന്നും ഒരൊറ്റ ആയുധം മാത്രം മതി.അത് അവന്റെ വാക്കാണ്‌.
ഫിലിപ്പ്

3 അഭിപ്രായങ്ങൾ:

raghuve പറഞ്ഞു...

ശരി തന്നെ..നമ്മള്‍ ആദ്യം തന്നെ ചടങ്ങ് ക്ലാസ്സുകള്‍ നടത്തുന്നത് നിര്‍ത്തണം.ഒരു മണിക്കൂര്‍ കൊണ്ട് ഇതെല്ലാം ഞാന്‍ പറയാറുണ്ട്‌...തുറന്നു എഴുതിയത് ഉഗ്രന്‍

മധു പറഞ്ഞു...

ഗംഭീരം

ധനുഷ പറഞ്ഞു...

മാഷേ പറയാന്‍ എവിടെ നേരം?

സുസ്വാഗതം

ചിത്രദക്ഷിണ



തുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്