കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്



മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

മലനാടിന്റെ മേഘരൂപന്‍ -പി.കുഞ്ഞിരാമന്‍ നായര്‍



ആര്‍ത്തിരമ്പിക്കുതിക്കുന്ന ആകാശഗംഗയെപ്പോലെയൊരു ഭാവനയായിരുന്നുപി.കുഞ്ഞിരാമന്‍നായരുടേത്.ആകാശത്തേക്ക് കൈനീട്ടിയാല്‍ അതില്‍ വന്നിരിക്കുന്ന കല്പനകള്‍,ഭാവനകള്‍, നാക്കുതിര്‍ന്നു ഒഴികിവരുന്ന പദാവലികള്‍ ഇതു രണ്ടുമാണ് പി.യുടെ സൌഭാഗ്യം.

വാക്കുകളുടേയും ബിംബങ്ങളുടേയും നിര്‍മ്മാല്യങ്ങളാല്‍ പിയുടെ കവിത മുങ്ങിപ്പോയി. സ്വന്തം വാക്കുകള്‍ക്ക്   കീഴ്പ്പെട്ടു പോകുന്നതുകൊണ്ടായിരിക്കണം കെ.ജി.ശങ്കരപ്പിള്ള പിയെ വാക്കുകളുടെ മഹാബലിയെന്നു വിളിച്ചത്.


പ്രകൃതിദേവത

പ്രകൃതിദൃശ്യങ്ങളില്‍ മനുഷ്യഭാവങ്ങള്‍ അധ്യാരോപിക്കുകയും അതിലുടെ തീര്‍ത്തും മൌലികമായ പദചിത്രങ്ങളും ബിംബങ്ങളും വിരിയിക്കുകയും ചെയ്യുക.പത്താം  ക്ലാസ്സിലെ പാഠഭാഗത്ത് കാണുന്ന കേരളപ്രകൃതിദൃശ്യങ്ങളില്‍ മനുഷ്യഭാവം ഉള്‍ക്കൊള്ളിക്കുന്നത് നോക്കുക.

1. പുലരി, പൂക്കളം തീര്‍ത്തുകളിക്കുന്നു.

2 പുക്കള്‍ നിറഞ്ഞ കുന്നിന്‍ചെരുവിലെ സന്ധ്യകള്‍ പഞ്ചവര്‍ണ്ണ
ക്കിളിക്കൂട്ടങ്ങള്‍ പോലെ പറന്നുപോയി.

3. നിശയുടെ ഖണ്ഡകാവ്യങ്ങള്‍ തിരുത്തുന്ന സൂര്യരശ്മി.

4. കസ്തൂരിക്കുറി പൂശുന്ന വരമ്പിന്‍ വക്ക്.

5 കാല്‍വപ്പിനാല്‍ പൂ നിരത്തുന്ന ശാരദകന്യ ക.

അദ്ദേഹത്തിന്റെ ബിംബാവലിയില്‍ കേരളം നിറഞ്ഞു നില്‍ക്കുന്നു. കായലും കടലും കൊണ്ടലും പുഴകളും പൂഴിത്തരികളും പുനിലാവും നടുമുറ്റവും നിലവിളക്കും എന്നു  വേണ്ട മലനാടിന്റെതായ   എന്തും ഏതും ബിംബങ്ങളില്‍ കാണാം.
*പാഠഭാഗത്തുള്ള ബിംബകല്പനകള്‍ നോക്കുക.


"കാവിമണ്ണിഴകും  കൊമ്പു 
കുലുക്കിത്താടയാട്ടിയും 
കുതിച്ചുപ്പാഞ്ഞു ചിങ്ങപ്പൂ-
ത്തേരില്‍പ്പൂട്ടിയ  കാളകള്‍ "

ചിങ്ങപ്പൂത്തേരില്‍ പൂട്ടിയ കാളകള്‍ കൊമ്പുകുലുക്കി തലയാട്ടി കുതിച്ചുപായുമ്പോള്‍..........
വായനക്കാരന്‍ ഈ  സൌന്ദര്യാവിഷ്ക്കാരത്തിനു  മുമ്പില്‍ നമസ്കരിച്ചുപോകും.

എം.പി. ശങ്കുണിനായര്‍ പറയുന്നു:പൂക്കള്‍ വിടര്‍ന്ന് തിടംവച്ച് നിലംപറ്റിപ്പോയ വള്ളിക്കുടിലാണ് പിയുടെ കവിത.ബിംബ ങ്ങളുടെ  സമൃദ്ധികൊണ്ട് വായനക്കാരന് പ്രവേശിക്കാത്ത അപ്രവേശ്യത.
                    

പി.യുടെ കവിതകളിലുടെ കടന്നുപോകുമ്പോള്‍ കൂടെക്കൂടെ കാണുന്ന ഒരു ബിംബമാണ് തോണി.(പാഠഭാഗത്തുള്ള വരികളിലെ കേവഞ്ചി)
ബിംബങ്ങളിലെ ആത്മസൌന്ദര്യ മാണ് പി കവിത.


എന്‍.വി.കൃഷ്ണവാരിയര്‍ പറയുന്നു:തന്റെ കൌമാരം കളിച്ചുനടന്ന ഭാരതപ്പുഴയുടെ പരിസരങ്ങള്‍, പഠിച്ചറിഞ്ഞ ഭാരതീയസംസ്കാരം,നടന്നുകണ്ട കേരളീയ ക്ഷേത്രങ്ങള്‍ --- ഈ മൂന്നുമാണ് പി.യുടെ മാനസജീവിതത്തിന്‍റ മുന്നു മുഖങ്ങള്‍.
                                  വാക്പതി

കേരളീയ സംസ്കൃതിയുടെ കവിയായ പി.ഗ്രാമീണജീവിതത്തിന്റെ ഭാഗമായുള്ള നിരവധിയായ പദങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്.അവയില്‍ പലതുമാകട്ടെ പ്രചാരം ഇല്ലാതായ ദേശ്യ പദങ്ങളാണ്.അത്ത്യുത്തര കേരളത്തിലെ മുടുക/മുഡുക (മുട്ട) തുളിക്കുക,കുത്തിച്ചൂളാന്‍ (കാലന്‍കോഴി),ഉരുക്കുനെയ്യ്,
നടുപ്പാതിര,പളളം(കുഴി),നേന്ത്രകള്‍ തുടങ്ങിയവ നിരവധി തവണ അദ്ദേഹം ഉപയോഗിച്ചി‍ട്ടുണ്ട്.നാടന്‍ പദങ്ങള്‍ ചിലതുകാണുമ്പോള്‍ അവ കുഞ്ഞിരാമന്‍നായര്‍ നാണ്യപ്പെടുത്തിയതാണെന്നുപോലും തോന്നിപ്പോകും.  മഞ്ഞളാല്‍ത്തറ(മഞ്ജുളാല്‍ത്തറ),നെയ്മുല്ല,(തൈമുല്ല) ,വൈല് (വെയില്‍) ,ഴാകി,നുരുമ്പ്,നത്ത് തുടങ്ങിയവ പിയുടെ പദങ്ങളാണോ എന്ന്  സംശയിക്കാം.
തലയിലെഴുത്തുപോലെയുള്ള പി.യുടെ കയ്യക്ഷരം ഉണ്ടാക്കിയ വികൃതിയാണോ ഇവയെന്ന് സംശയമുണ്ടെന്ന് അദ്ദേഹത്തിന്റെ കവിതാസമാഹാരത്തിനു എഡിറ്റിംഗ് നിര്‍വ്വഹിച്ച ഡോ.എ.കെ.നമ്പ്യാര്‍ പറയുന്നു.                          


പുസ്തക കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ്

കാവ്യസമാഹാരത്തിലെ സൌന്ദര്യപൂജയുടെ പതിനാറുവരികള്‍ ഒഴിവാക്കിയാണ് പാഠപുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്നത് കവിതകളില്‍ പ്രസിദ്ധീകരിച്ചവയും  പ്രസിദ്ധീകരിക്കാത്തവയും ഏതെന്ന്  വേര്‍തിരിച്ചറിയാത്ത  കഴിയാതിരുന്ന പി.യുടെ രീതികള്‍ വിചിത്രമായിരുന്നല്ലോ.ഒന്നലധികം സമാഹാരങ്ങളില്‍ ഒരേ കവിത നല്‍കുക ,ചില കവിതകളുടെ ചില വരികളില്‍ ഏതാനും മാറ്റം വരുത്തി വീണ്ടും പ്രസിദ്ധീകരിക്കുക എന്നിങ്ങനെയുള്ള വിചിത്രസ്വഭാവം പി.ക്കുഞ്ഞിരാമന്‍നായര്‍ക്കുണ്ടായിരുന്നു.അങ്ങനെ സംഭവിച്ചതാ ണോ ഇതെന്നറിയില്ല.


പ്രവാസദു:ഖത്തിന്റെ കവിത

"കണ്ണീരണിഞ്ഞു ,കുഗ്രാമ-
ലക്ഷ്മി നോക്കിയിരിക്കവെ
കേവഞ്ചികേറിപ്പോയോണ-
വെണ്ണിലാവണിലാവണിരാവുകള്‍"
ഇവിടെ  കവിയില്‍ പ്രവാസ ദു:ഖം കാണുന്നു.ഈ പ്രവാസ ദു:ഖം പി.യുടെ മൌലികസ്വഭാവമാണ്. അത് പ്രകൃതിപ്രേമത്തില്‍ നി ന്നുണ്ടായതല്ല.പൂപ്പൊലിപ്പാട്ടില്‍ കുളിച്ച് മലനാടിനെ വിളിക്കുന്ന കവിയില്‍ ഈ ദു:ഖം കാണാം.
കിട്ടാനാകാത്ത എന്തിനൊക്കെയോ വേണ്ടി തേങ്ങുന്ന ആത്മാ
വിന്റെ  സ്വരം പി കവിതയില്‍ കേള്‍ക്കാം.വിപ്രവാസിതഎന്ന
ഭാവം പ്രകടിപ്പിക്കുന്ന കല്പനകള്‍.


                                 കവിതയുടെ ഭാവം 

കേവഞ്ചി കേറിപ്പോയ ഓണരാവുകളും മറഞ്ഞുപോയ സന്ധ്യ കളും തന്റെ  സൌന്ദ്യദേവത പടികടന്നുപോകുന്ന കാഴ്ചകളാ ണ്.അതിനാല്‍ പൂപ്പൊലിപ്പാട്ടുപാടി സൌന്ദ്യദേവതയെ തിരിച്ചു വിളിക്കുകയാണു കവി.
കല്പനകളുടെ സമൃദ്ധി  കുട്ടികള്‍ക്ക് പഠിക്കുന്നതിനു പുറമെയുള്ള ഈ  കവിതയുടെ ശേഷം ഭാഗത്ത് ധാരാളമുണ്ട്.രണ്ടു ഭാഗ ങ്ങള്‍:
1."ചളിപ്പാടത്തു താരങ്ങള്‍
പിടിതാളുപെറുക്കവെ,
അലക്കിത്തേച്ച കുപ്പായ-
മിട്ടുലിത്തുന്നു വെണ്‍മുകില്‍."

2."തിമിരം കീറുവാനെന്തു
വഴിയെന്നോര്‍ത്തു കോരകം"


സ്വപ്നതുല്യമായ സവിശേഷാനുഭൂതി പകരുന്ന ഇത്തരത്തിലുള്ള  കല്പനകള്‍ വായിക്കുമ്പോള്‍ എം.കെ സാനു പറയുന്നതുപോലെ പായ് നിവര്‍ത്തിയ ഒരു  കൊച്ചുകേവഞ്ചിയില്‍കേറി  പൂര്‍ണ്ണചന്ദ്രോദയവേളയില്‍ സ്വപ്നത്തിലെന്നപോലെ നീങ്ങുന്ന അനുഭവമാണ് പി.കുഞ്ഞിരാമന്‍ നായരുടെ  കവിതകള്‍ വായിക്കുമ്പോള്‍ ഉണ്ടാകുന്നത്.


ഫിലിപ്പ്,നിഷി കോഴിക്കോട് 

4 അഭിപ്രായങ്ങൾ:

ജ്യോതിലാല്‍ പറഞ്ഞു...

മേഘരൂപന്‍ സിനിമ കൂടി വരുന്നുണ്ട് ............

ശ്രീജ പറഞ്ഞു...

പിയുടെ കവിത ക്ലാസ്സില്‍ അവതരിപ്പിക്കാന്‍ ഇത് ഉപകാരമായി..നന്ദിയുണ്ട് ...മാഷേ...

ജനാര്‍ദ്ദനന്‍.സി.എം പറഞ്ഞു...

മലയാളത്തിന്റെ സ്വന്തം കവി. പി.കുഞ്ഞിരാമന്‍ നായര്‍

എന്തൊരുമാറ്റംകരുമിക്കര്‍ക്കട-
സംക്രമയാമിനിയാള്‍
ചമ്പകമലരിന്‍വര്‍ണ്ണംതിരളും
മോഹിനികന്യകയായ്
കട്ടിയിരുമ്പൊരുരാസാല്‍-
തങ്കത്തകിടാകുംപോലെ
പൂഞ്ചിറപുക്കൊരുകന്യകമുങ്ങി-
പ്പൊങ്ങിവരുംപോലെ

Kalavallabhan പറഞ്ഞു...

"പായ് നിവര്‍ത്തിയ ഒരു കൊച്ചുകേവഞ്ചിയില്‍കേറി പൂര്‍ണ്ണചന്ദ്രോദയവേളയില്‍ സ്വപ്നത്തിലെന്നപോലെ നീങ്ങുന്ന അനുഭവമാണ് "
ഇവിടെ ഇത് വായിക്കുമ്പോഴും അനുഭവപ്പെടുന്നത്.
(ഈ പറന്നു നടക്കുന്ന റ്റ്വീറ്റ് വായനക്കാരനെ വളരെയധികം ബുദ്ധിമുട്ടിക്കുന്നു, അതിനെ കൂട്ടിലിടുകയോ പറത്തിവിടുകയോ ചെയ്യുവാനപേക്ഷ)

സുസ്വാഗതം

ചിത്രദക്ഷിണ



തുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്