കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
മലയാളം ബ്ലോഗ് പണിപ്പുരയിലാണ്



മലയാളം ബ്ലോഗ് പണിപ്പുരയിലാണ്
1.മുരിഞ്ഞപ്പേരീം ചോറും 2. കോവിലന്റെ തട്ടകം (ഉണ്ണീരി മുത്തപ്പന്‍ ക്ഷേത്രം)
വീഡിയോ ഡൌണ്‍ ലോഡ് ചെയ്യാം
1.മുരിഞ്ഞപ്പേരീം ചോറുംവിവരണം 2.മുരിഞ്ഞപ്പേരീം ചോറുംവിവരണവും പാഠഭാഗം അഭിനയവും 3.സഖിമാരേ(നളചരിതം കഥകളി ) 4.കഥകളി സംഗീതം

കവിതക്കെന്തു പറ്റീ ?


 

മലയാളം  മാഷായതിനു  ശേഷം  എന്റെ  മനസ്സില്‍  പലപ്പോഴും  ഉയരാറുള്ള  ഒരു  ചോദ്യം  ഞാന്‍  നിങ്ങളോട്  ചോദിക്കുകയാണ്......

  ചോദ്യം  കവിതയെക്കുറിച്ചാണ് .......
എന്തേ  പൊതുജനം  കവിത  വായിക്കുന്നില്ല ? സിനിമക്കും  ദൃശ്യകലകള്‍ക്കും  നോവല്‍ ചെറുകഥക്കാര്‍ക്കും  ലഭിക്കുന്ന  സ്വീകാര്യത  എന്തുകൊണ്ട് കവിതയ്ക്ക്  കിട്ടുന്നില്ല......സാഹിത്യത്തിന്റെ  ശ്രീകോവിലില്‍  എരിയുന്ന  കവിതയ്ക്ക്  എന്തെങ്കിലും  കുറവുകള്‍  ഉണ്ടോ ? അതോ  വല്ല  കൂടുതലുകള്‍  ഉണ്ടോ ? ഈ  ചോദ്യം  എന്റെ  മനസ്സിനെ  അസ്വസ്ഥമാക്കിയിട്ട്  കാലങ്ങളായി......

നിങ്ങള്‍ക്കും  തോന്നാറില്ലേ? 

ആലോചിക്കുമ്പോള്‍   കവിതയുടെ  ഈ  അവസ്ഥ  എന്തൊരു  കഷ്ടമാണ്....കവിതയുടെ  ഗതികേട്.....എഴുത്തച്ഛന്റെ  സാരസ്വതങ്ങളും  കുഞ്ചന്റെ  തുള്ളലുകളും  വില്ലടിച്ചാന്‍  പാട്ടുകളും  വടക്കന്‍ പാട്ടുകളും.....പിന്നെ   മാമ്പഴവും....കുഞ്ഞുണ്ണിക്കവിതകളും  കഴിഞ്ഞു..........ശേഷമെല്ലാം  ഗതികെട്ട  ജന്മങ്ങള്‍ .....ആരാലും  വായിക്കപ്പെടാതെ  ആരാലും  കേള്‍ക്കപ്പെടാതെ  കവിതകള്‍  കവികളുടെ  പൊതുയോഗങ്ങളില്‍  മാത്രമായി  ജന്മം ജീവിച്ചു  തീര്‍ക്കുന്നു.....രാഷ്ട്രീയ  സമ്മേളനങ്ങളിലും  സാംസ്ക്കാരിക  പൊതുയോഗങ്ങളിലും  കവിതകള്‍  സ്പീക്കറുകളിലൂടെ  രൂപപ്പെടുത്തുന്ന  മഹത്വം  സമ്മേളനം  ആരംഭിക്കുന്നതോടെ  ഇല്ലാതാകുന്നു.....ഇങ്ങനെ കവിത  ഒരു  കേള്‍വിപ്പിണ്ഡം  കൂടിയാകുന്നു..........   

കവിതയുടെ  അവസ്ഥ  ഇങ്ങനെയാണെങ്കിലും  പൊതു ജനത്തിന്റെ  മനസ്സില്‍  കവിത  ഒരു  സംഭവം  തന്നെയാണ്....ജനബോധത്തിന്റെ  അടിയില്‍  കവിതയോട്  ആരാധനയുണ്ട്...അതെഴുതുന്നവരെ  ബഹുമാനമുണ്ട്.....കുട്ടികള്‍  കവിത  രചിക്കുമ്പോള്‍  അവരുടെ  വേണ്ടപ്പെട്ടവരും കൂട്ടുകാരും  ആ  പ്രവൃത്തിയെ  മാനിക്കാറുണ്ട്.... അംഗീകരിക്കാറുണ്ട് ......കവിതയെക്കുറിച്ച്  പൊതുവായി   നല്ലതായ ഒരു  അവബോധം  ജനങ്ങള്‍ക്കുണ്ട്...അതുകൊണ്ടാണല്ലോ  ബ്ലോഗുകളില്‍  കവിതകള്‍  വായിക്കപ്പെടുന്നത്....സാധാരണക്കാരായ  വ്യക്തികള്‍  എഴുതിയ  കവിതകള്‍  എത്രയോ  മലയാളികള്‍  വായിക്കുന്നു...ആസ്വദിക്കുന്നു...പക്ഷെ  അവരും  മലയാളികളുടെ  പൊതു  വായനക്കാരായി  വരുന്നില്ല...പ്രവാസികളായ  കുറെ  മലയാളികളാണിവര്‍ എത്തിപ്പെട്ട  ഇടം തുറന്ന  ജയിലായി  തോന്നുമ്പോഴുണ്ടാകുന്ന  ഒരു  തരം ഗൃഹാതുരത്വം.  ഈ  ഗൃഹാതുരത്വമില്ലാതെ  മലയാളികളായ പൊതുജനം ഒരു   കവിതകള്‍ ഒരിക്കലും വായിക്കുന്നില്ല...;ആസ്വദിക്കുന്നില്ല.


 ദൃശ്യചാനലുകളും തിയേറ്ററുകളും സ്റ്റെയ്ജു ഷോകളും പൂരങ്ങളും  പെരുന്നാളുകളും  പാര്‍ട്ടി  പരിപാടികളും ക്ലബുകളും കഴിഞ്ഞാല്‍ പിന്നെ  ഒരു  നോവല്‍ ; ചിലപ്പോള്‍ ഒരു ചെറുകഥ...അപ്പോഴും  കവിത  പുറത്താണ്  ..........കവിതയ്ക്ക്  ഇടമില്ല.....മലയാളത്തില്‍  സ്ഥാപനവല്‍ക്കരിക്കപ്പെട്ട  കവികളുടെ രചനകള്‍ക്ക്    കവികള്‍ക്കിടയില്‍  മാത്രം  ഇടമുള്ളൂ....അടികൊണ്ടവനും ദൈന്യനും  പ്രതികരിക്കുന്നവനും സാധാരണക്കാരനും കവിതയില്ല...


ജീവിതമേ  കവിതയ്ക്ക്  മഷിപ്പാത്രം  എന്ന്  എഴുതിയ    കവി  ജീവിതം  ആവിഷ്ക്കരിക്കുന്നതില്‍  പരാജയപ്പെട്ടോ ? 


തീതുപ്പീ പകലുകള്‍ 
രാവുകള്‍  തീക്കാറ്റൂതി
കരിഞ്ഞൂ  വിള ;ചത്തു 
കന്നാലി ; സര്‍വ്വം വിറ്റൂ 
വറുതിപ്പിശാചെത്തി 
പ്പിടിക്കെ കൃഷീവലന്‍   

വളരെ  പച്ചയായ  സത്യങ്ങള്‍  പറഞ്ഞിട്ടും കവിതക്കെന്തേ  ആളില്ലാത്തൂ ?

മാതൃഭൂമി  ആഴ്ചപ്പതിപ്പില്‍  കണ്ട "ബലി" (സച്ചിദാനന്ദന്‍) .....എനിക്കത് ടി.പി. ചന്ദ്രശേഖരന്‍ വധത്തിന്റെ  തുടര്‍ക്കാഴ്ചയായിരുന്നു... നമ്മള്‍  കണ്ട  മലയാളികളുടെ  എല്ലാ  കപടതകളും തന്ത്രങ്ങളും സച്ചി എത്ര സുഭഗമായി  പറയുന്നു.....മലയാളികളുടെ  ഇടതുപക്ഷവും വലതു പക്ഷവും വീടുകളിലേക്ക്   കയറി വരുന്ന ശവവും കരയുന്ന മകളുടെ  അരികിലെത്തി അന്‍പത്തിരണ്ടു മുറിവുകള്‍ കൊണ്ട് വിതുമ്പുന്നതും ഞാന്‍ കേട്ടതേ ഇല്ലെന്നു  അക്ഷരം ഭാഷയോട്  പറയുന്നതും എത്ര ഭീകരമായ  കറുത്ത  സത്യങ്ങള്‍ !!!

എന്നിട്ടും  കവിതയ്ക്ക്  ആളില്ല.....

ഇന്ന് ഞാന്‍  ഒന്‍പതാം  ക്ലാസ്സില്‍  കയറി  ഓ.എന്‍.വി.യുടെ  ഭൂമിഗീതങ്ങള്‍ക്ക്  വേണ്ടിയുള്ള  സജ്ജീകരണത്തിനായി കുട്ടികളോട് ഓ.എന്‍.വി.യെക്കുറിച്ച്  ചോദിച്ചപ്പോള്‍  കവിയുടെ  സിനിമാ  ഗാനങ്ങള്‍   കുട്ടികള്‍  പാടി.....പക്ഷെ  ഓ.എന്‍.വി.യുടെ ഒരൊറ്റ  കവിത  പോലും  അവര്‍ക്കറിയില്ല......


കവിതയ്ക്ക്  ആളില്ല......
കവിതയ്ക്ക്  സംഭവിച്ചത്  എന്താണ് ?

സിനിമകളിലും നോവലുകളിലും നാടകങ്ങളിലും  കഥാപാത്രങ്ങളും സൃഷ്ടിയിലെ  സാഹചര്യങ്ങളും  രചയിതാക്കളില്‍  നിന്നും സ്വതന്ത്രമായി  ആസ്വാദകരുടെ  ഉള്ളിലേക്ക്  ഇറങ്ങിച്ചെന്നു........കവിതകള്‍ക്ക്  എന്ത്  സംഭവിച്ചു ?


കവിതകള്‍  കവിയായ  ഭൂതത്തെ  അടച്ചു  വച്ച  അത്ഭുത വിളക്കാക്കി...കവിത  ചൊരിയുന്നതു കവിയുടെ  ദര്‍ശനങ്ങളാണ്....കവിയുടെ  വീക്ഷണങ്ങളാണ്. കവിതയെക്കുറിച്ച്  പറയുന്നവര്‍  കവിയെക്കുറിച്ച്  പറയുന്നു..... കവിതയുടെ  ലാവണ്യം  കവിയുടെ  ലാവണ്യ ബോധമാണ്....കവിത  സ്വതന്ത്രയല്ല..കവിയുടെ  അഹംബോധത്തിന്റെ  തണലില്‍  കവിത  കൂനി ; ഒതുങ്ങി.നമ്മുടെ  നിരൂപകരും സ്ഥാപനവല്‍ക്കരിച്ച  മലയാളി  സമൂഹവും  ചെയ്തത്  ഇതാണ്.......മഹാഭാരതത്തെക്കാള്‍  വലിയ  ഒരു  വ്യാസന്‍  നമുക്കുണ്ടോ ?


ഇനി  ഒരു  സന്ദര്‍ഭത്തെ  ക്കുറിച്ച്  പറയാം : 


ഇന്നലെ  ഞായറാഴ്ച  ചെറിയൊരു  പനി പിടിച്ചു  വീട്ടില്‍  അലസം  കഴിയുമ്പോള്‍  കവിത  വായിക്കാന്‍  മോഹമുണ്ടായി....പുസ്തകങ്ങളുടെ  കൂട്ടത്തില്‍ നിന്നും  എന്‍.വി.യുടെ  കാവ്യ  കൌതുകം എടുത്തു  വായന  ആരംഭിച്ചു....വായന  തുടങ്ങിയതോടെ  അത്  തലയ്ക്കു  പിടിച്ചു. കുറെ  വായിച്ചു.എന്നിട്ട്  എഴുന്നേറ്റു  ഭാര്യയോടു  കവിതയില്‍  ഒരൂട്ടം   കാര്യം  പറഞ്ഞു :


അല്ലയോ  ഭാര്യയെ ,
കുടുംബമോ  സുഖം , സൌഖ്യം ?
ജോലിക്ക്  പോവതോ  സുഖം ? 
മടിശീലയില്‍  നാണയം കിലുങ്ങുന്നതോ സൌഖ്യം ?
ഭവനത്തിലെത്തി  പ്രിയതമയുടെ  പുഞ്ചിരിപ്പൂമുഖത്തെ  
സ്നേഹിപ്പതോ  സുഖം ?
ചോദിപ്പൂ  കാലം
പോയ  വഴികളില്‍  തെറിച്ചു പോം 
കദനങ്ങള്‍  എന്നോട്  ചോദിപ്പൂ.....

ഇത്  സംസാര ഭാഷയില്‍  ചില  താളങ്ങള്‍  കൊടുത്തപ്പോള്‍  ഉണ്ടായ  ചില  പൊടികള്‍ .... പക്ഷെ  ഇതില്‍  പറയുന്ന  കാലത്തെ  നോക്കി  പറഞ്ഞവന്റെ  കാലദര്‍ശനം  മഹത്വ  രൂപത്തില്‍  വിളംബരം  ചെയ്യുമ്പോള്‍  അവിടെ  കവിത  വീണ്ടും  തകരുന്നു...ജനഹൃദയങ്ങളില്‍  കവിതയ്ക്ക്  ചരമക്കുറിപ്പുകള്‍ വീണ്ടും  എഴുതപ്പെടുന്നു.....

ചുമ്മാ.......

ഫിലിപ്പ്,
മലയാളം അദ്ധ്യാപകന്‍,
ദീപ്തി ഹൈസ്ക്കൂള്‍ തലോര്‍ , തൃശൂര്‍ .
 

5 അഭിപ്രായങ്ങൾ:

റിയ Raihana പറഞ്ഞു...

മാഷെ കാവ്യ രജന നന്നായിട്ടുണ്ട് ..ഒരു പക്ഷെ കവിതയ്ക്ക് ആളില്ലാത്തത് സിനിമ ഗാനങ്ങളുടെ പിറകെ എല്ലാവരും പോണത് കൊണ്ടാവാം ..മ്യൂസിക്‌ ഇഷ്ടപെടുന്നവരാന് നമ്മളിലതികവും.ഒരു പ്രോഗ്രാം നടക്കുന്ന സ്റ്റേജില്‍ സിനിമാറ്റിക് പാട്ട് പാടുന്ന പോലെ ആരും കാവ്യ വരികള്‍ ചൊല്ലാറില്ല,മാഷ് പറഞ്ഞ പോലെ ഈ തലമുറയ്ക്ക് ഓ ന്‍ വി യുടെ കവിതകള്‍ പരിജയം കാണില്ല അത് പാട്ടുകളായി അവര്‍ പാടും ...

Kalavallabhan പറഞ്ഞു...

ഈ ചോദ്യത്തിനു എ+ കൊടുക്കാവുന്ന ഒരു ഉത്തരം ഇക്കഴിഞ്ഞ ഒരു ദിനത്തിൽ നമ്മുടെ പ്രിയംകരനായ എം ടി വാസുദേവൻ നായർ പറഞ്ഞിട്ടുണ്ട്‌. "മനോരമ"യിലായിരുന്നു അത്‌ വന്നതെന്നാണെന്റെ ഓർമ്മ. താളമുള്ള കവിതകൾ നീട്ടി ചൊല്ലാമായിരുന്നതൊക്കെ ആയിരുന്നു കവിതകളായി നമ്മൾ അടുത്തറിഞ്ഞിരുന്നത്‌. ഇപ്പോൾ പ്രസ്താവനകളായല്ലേ കവിതകൾ ഇറങ്ങുന്നത്‌. അവ വായിച്ച്‌ ആശയം മനസ്സിലാക്കി മറന്നു കളയുന്നു. അത്രമാത്രം.

ajith പറഞ്ഞു...

ചൊല്ലാന്‍ ഈണമുള്ള കവിതകളുടെ കുറവ്. ദുരൂഹമായ അര്‍ത്ഥങ്ങള്‍, വലിയ കടംകഥകള്‍, തലകുത്തിനിന്നാലും ആശയം മനസ്സിലാകാത്ത വാക്കുകള്‍. ഇവയൊക്കെ ചേര്‍ന്ന് കവിതയെ കുളിപ്പിച്ച് കിടത്തി. ഒരു ബ്ലോഗ് കവയിത്രി ഒരു കവിതയെഴുതി പോസ്റ്റ് ചെയ്തു. ആരെന്ന് പറയുന്നില്ല. വേറൊരാള്‍ (ഞാനല്ല) അതിന്റെ അര്‍ത്ഥം എന്താണെന്ന് ചോദിച്ചു. അടുത്ത കമന്റ് എന്റെയായിരുന്നു. ഞാനും എഴുതി “അര്‍ത്ഥം ചോദിച്ചയാളിന് കവിയിത്രി ഉത്തരം കൊടുക്കേണ്ടതാണ്” അടുത്ത ദിവസം കവിതയുടെ അര്‍ത്ഥം വന്നു. എന്നിട്ട് ഒരു കുത്തും: ഇതൊക്കെ നിങ്ങള്‍ക്ക് വിശദീകരിക്കേണ്ടി വരുന്നല്ലോ എന്നോര്‍ത്ത് കവയിത്രിയ്ക്ക് ദേഷ്യമാണത്രെ. പണ്ടൊരാള്‍ എല്ലാ കൂട്ടുകാരോടും പറഞ്ഞു: ഈ സിനിമയില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. നിങ്ങളൊക്കെ പോയി കാണണം. അതനുസരിച്ച് എല്ലാ കൂട്ടുകാരും സിനിമ കണ്ടു. പക്ഷെ സുഹൃത്തിന്റെ റോള്‍ എന്തെന്ന് മനസ്സിലായില്ല. തിരികെ വന്ന് എല്ലാരും കൂടെ കാര്യമന്വേഷിച്ചു. സുഹൃത്തിന്റെ ഉത്തരം: “ആദ്യത്തെ സീനില്‍ തന്നെ ഞാന്‍ ഉണ്ടായിരുന്നു. ആ ശവമടക്കിന്റെ സമയത്ത് ശവപ്പെട്ടിയ്ക്കകത്ത് കിടന്നത് ഞാനായിരുന്നു. ച്ഛെ, നിങ്ങള്‍ക്ക് മനസ്സിലായില്ലേ?” അതുപോലെ തന്നെയാണ് ഇപ്പോഴത്തെ പല കവിതകളും. ആശയം ശവപ്പെട്ടിയ്ക്കകത്താണ്. എഴുതുന്നവര്‍ മാത്രമാണറിയുന്നത്. ഒരു സംസ്കൃതച്ചൊല്ലുണ്ടല്ലോ. “ഉണ്ടാക്കിവന്നപ്പോള്‍ ഗണപതി കുരങ്ങനായിപ്പോയി” എന്ന്. വാക്കുകളാകുന്ന കല്ലുകള്‍ മനോഹരമായി അടുക്കിവച്ച് മന്ദിരം ഉയര്‍ത്തുന്നതുപോലെ തന്നെയാണ് കവിതയും. അടുക്കിവയ്ക്കേണ്ട കല്ലുകള്‍ അവിടെയും ഇവിടെയും കൂട്ടിയിട്ടിട്ട് കവിതയാണെന്ന് പറഞ്ഞാല്‍ ആര് വാങ്ങും? ശരിയാണ് പ്രതിഭാധനന്മാരായ കവികള്‍ വാക്കുകളെ ചിതറിയിട്ടപോലെ മനോഹരകവിതകളെഴുതിയിട്ടൂണ്ട്. കാണുമ്പോള്‍ തോന്നും വാക്കുകള്‍ ഒരടുക്കും വൃത്തവും കവിതാനിയമങ്ങളുമൊന്നുമില്ലല്ലോ എന്ന്. പക്ഷെ അലക്ഷ്യമായി ഇട്ടിരിക്കുന്നുവെന്ന് തോന്നുന്ന ആ ശിലകള്‍ ബോധപൂര്‍വം ചിതറിയിട്ടിരിക്കയാണ്. അതിലൊരു പ്രതിഭാസ്പര്‍ശമുണ്ട്. ചില ഗാര്‍ഡനുകളില്‍ ഒരടുക്കും ചിട്ടയുമൊന്നുമില്ലാതെ ചെയ്തിരിക്കുന്ന ശില്പങ്ങളെന്ന് തോന്നിയാലും സര്‍ഗധനനായ ഒരു ലാന്‍ഡ് സ്കേപ്പ് കലാകാരന്‍ അത് ഒരുക്കിവയ്ക്കുമ്പോള്‍ ലക്ഷ്യപരമായിച്ചെയ്ത ഒരു അലക്ഷ്യകല ആകുന്നു. അതുപോലെ തന്നെ ഈ കവികളുടെ വാക്കുകളും. എന്നാല്‍ അതുകണ്ടിട്ട് സര്‍ഗശേഷിയില്ലാത്ത ഒരുവന്‍ കവിതോദ്യാനത്തില്‍ കുറെ കല്ലുകള്‍ ചിതറിയിട്ടാല്‍ ആരെങ്കിലും അത് കവിതയായി വിലമതിക്കുമോ? പഴയകവിതകളില്‍ നമുക്ക് ഒരു പ്രത്യേകത കാണാം: വാക്കുകളുടെ അര്‍ഥം അറിഞ്ഞാല്‍ കവിതയുടെ ആശയം പിടികിട്ടും. എന്നാല്‍ പുതുക്കവിതകളില്‍ (പ്രത്യേകിച്ച് ബൂലോഗകവിതകളില്‍) വാക്കുകള്‍ നിത്യം നാം ഉപയോഗിക്കുന്ന സാധാരണ വാക്കുകള്‍ തന്നെ. പക്ഷെ കൂട്ടിച്ചേര്‍ത്ത് വായിക്കുമ്പോള്‍ ആശയം പിടികിട്ടണമെങ്കില്‍ ശവപ്പെട്ടി തുറക്കുക തന്നെ വേണം. ഇതാണ് കവിതാഗതിയെപ്പറ്റി എന്റെ അഭിപ്രായം

malayalasangeetham പറഞ്ഞു...

ചിത്രങ്ങ്ങ്ങള്‍ക്ക് പറയനാകാത്തത് കവിത പറയുന്നു.കവിതയ്ക്ക് പറയനാകാത്തത് സംഗീതവും.
അതങ്ങനെതന്നെയാണ് പണ്ടേ .......

philipollur പറഞ്ഞു...

കവിതക്കുള്ള ഇടം കവികളില്‍ മാത്രമായി ഒതുങ്ങിപ്പോയതില്‍ മലയാള സമൂഹം എത്രത്തോളം നിസ്സഹായരാണ് ; ജാഗരൂകരാണ് എന്ന് ബോധ്യപ്പെടുത്തുന്ന നിരീക്ഷണങ്ങള്‍ ....കവിതയെക്കാള്‍ കവിയെ ആരാണ് മാര്‍ക്കറ്റു ചെയ്തത് ? എന്റെ മനസ്സില്‍ ഇപ്പോഴും നില്‍ക്കുന്ന ഒരു വ്യഥ.....മഹാഭാരതത്തെക്കാള്‍ വലിയ വ്യാസനുണ്ടോ ?മറിച്ചു മഹാഭാരതത്തെക്കാള്‍ വലിയ കൃഷ്ണനുണ്ടായി....അര്‍ജുനനുണ്ടായി..അവര്‍ക്ക് ജനവും അമ്പലവും ഉണ്ടായി....കഥാപാത്രം കവിയെ വിട്ടു ;കൈവിട്ടു പോയി...പഴയ കാലം ഭയമൂര്തീ രൂപങ്ങളുടെതാകയാല്‍ അവര്‍ പ്രിതിഷ്ടയായി.....ഇനി നമുക്ക് പുതിയ ഒരു ഇതിഹാസം രചിച്ചു ലോക വീക്ഷണങ്ങളെ പൂര്‍ണ്ണമായും മാറ്റിക്കൂടെ ? സാധിക്കുമോ? .....ഇപ്പോഴും ഈ കുറിപ്പുകള്‍ വായിക്കാതെ ഒരു കവി തന്നെ ഉയര്‍ത്തുന്നതും കാത്തിരിപ്പുണ്ടാകും ..........ഗുഡ് നൈറ്റ്

സുസ്വാഗതം

ചിത്രദക്ഷിണ



തുറന്നു വരുന്ന പിക്കാസ വിന്‍ഡോയില്‍ portraits ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 255 ചിത്രങ്ങള്‍ ലഭിക്കും.കടപ്പാട് കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

കിരണ്‍ & ഫിലിപ്പ്