കടല്‍ക്കരയില്‍ നില്‍ക്കുന്നു
ഒറ്റക്കൊരു പെണ്‍കുട്ടി
അവളുടെ കണ്ണില്‍
കടലിന്റെ ആഴം കുറിച്ചു വച്ചിരിക്കുന്നു.
അരികില്‍
ആകാശം കണ്ടു കണ്ടു
നീലിച്ചുപോയ ഒരു കടലുണ്ട്.
ഓരോ കുതിപ്പിലും ആകാശത്തിന്റെ ഉയരം
അളന്നു കുറിക്കുന്ന തിരകലുണ്ട്.
മണലില്‍ വിരിച്ചിട്ട തീണ്ടാരി തുണിപോലെ
ചുവന്ന വെയിലുണ്ട്.
കടലിന്റെ മുനമ്പിലേക്ക്
അവലെറിയുന്ന ഓരോ നോട്ടവും
ഒരു തിര
തിരികെ കൊണ്ടുവരുന്നു.
വെളിപ്പെടരുതെന്നവള്‍ കരുതിയതൊക്കെയും
കാറ്റ് തുറന്നു വക്കുന്നു.
കടലുമാകാശവും അലിയുന്നിടത്തെക്ക്
നടന്നു മറഞ്ഞവന്‍ പറയാതെ വച്ചവ
ഉള്ളിലൊരു തിരയായിരമ്പി
അവളെ നനക്കുന്നു.....
ആകാശത്തിന്റെ മനസ്സില്‍
കടലെഴുതുന്ന നിറങ്ങളെല്ലാം കണ്ട്
സ്വന്തം ആകാശങ്ങളിലേക്ക്
ഓരോ മഴയും വിരിഞ്ഞിറങ്ങുന്നതറിഞ്ഞ്
കടലിന്റെ വെളിപ്പെടാത്ത മൌനത്തിലേക്ക്
പരിചിതമായ നിലവിളികള്‍ വന്ന്
വീഴുന്നത് കേട്ട്
ആള്‍ക്കൂട്ടത്തിനു നടുവില്‍
പെട്ടന്നൊറ്റയായാലെന്നതു പോലെ
തന്നില്‍ത്തന്നെ കവിഞ്ഞു
കടല്‍ക്കരയില്‍ നില്‍ക്കുന്നു
ഒറ്റക്കൊരു പെണ്‍കുട്ടി.
എം. അഭിലാഷ്
എച്ച്.എസ്സ്.എ മലയാളം
ഗവ : എച്ച്.എസ്സ്.എസ്സ് . എട്നീര്‍ ,കാസര്‍ഗോഡ്
2 അഭിപ്രായങ്ങൾ:
അഭിലാഷു സാറിന്റെ കവിത വളരെയധികം കേമമായി....ഒറ്റപ്പെട്ട ഒരു പെണ്‍കുട്ടിയുടെ മനസ്സിന്റെ ആഴം കടല്‍ പോലെ.......ഇത് മലയാളിക്ക് ലഭിക്കുന്ന കടല്ക്കവിതകളില്‍ (മലയാളിക്ക് ഇപ്പോഴും പടിഞ്ഞാറ് ഭാഗത്ത് അലതല്ലുന്ന കടലിന്റെ സാഹിത്യം വളരെ കുറവാണല്ലോ?)ഉന്നത സ്ഥാനം അലങ്കരിക്കുന്നു...
ഓരോ കുതിപ്പിലും ആകാശത്തിന്റെ ഉയരം
അളന്നു കുറിക്കുന്ന തിരകലുണ്ട്.
കടലിന്റെ മുനമ്പിലേക്ക്
അവളെറിയുന്ന ഓരോ നോട്ടവും
ഒരു തിര
തിരികെ കൊണ്ടുവരുന്നു.
ഒറ്റപ്പെട്ടവളുടെ കൂടെ അലയുന്ന കടല്‍......വളരെ സുന്ദരമായി വാക്കുകള്‍ എടുത്തു വച്ചിരിക്കുന്നു.....അഭിലാഷു സാറ് കവിതയെഴുതുമ്പോള്‍ കഥാപാത്രങ്ങള്‍ എഴുത്തില്‍ കയറി നിന്ന് അഭിലാഷു സാറിനെക്കൂടി വായനക്കാരനാക്കി മാറ്റിയിരിക്കുന്നു.............
njaan ee kavitha kure thavana vaayichu...ee blogu idakkidakku thurannu ee kavitha vaayichu.......athra nannaayittundu
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ